കുന്നിക്കോട് : ഇളമ്പലിലെ ഭക്ഷണശാലകളിൽ ആരോഗ്യവകുപ്പ് അധികൃതരുടെ മിന്നൽപ്പരിശോധന. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച അഞ്ച് സ്ഥാപനങ്ങൾക്ക് പിഴചുമത്തി. ആരോഗ്യകേരളം പദ്ധതിയുടെ ഭാഗമായി ശനിയാഴ്ച രാവിലെയായിരുന്നു പരിശോധന. ഒരു ഹോട്ടൽ, ഏഴ് ബേക്കറികൾ, രണ്ട് ടീ സ്റ്റാളുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഇതിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച അഞ്ച് സ്ഥാപനങ്ങൾക്കാണ് പിഴ ചുമത്തിയത്. ഹെൽത്ത് കാർഡ് നേടാതെയും കുടിവെള്ളം പരിശോധിക്കാതെയും പ്രവർത്തിച്ച സ്ഥാപനങ്ങൾക്കും പിഴ ചുമത്തിയിട്ടുണ്ട്.
ലൈസൻസ് അടക്കമുള്ള രേഖകൾ ഇല്ലാതെ പ്രവർത്തിച്ച ഭക്ഷണശാലകൾക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനുശേഷവും ലൈസൻസ് അടക്കമുള്ള രേഖകൾ നേടിയില്ലെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ കെ.അലക്സാണ്ടർ പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജാസ്മിൻ, മഹേഷ്, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാരായ ഷെറിൻ, ശാലിനി, രജനിദേവിയമ്മ, ശ്രീകല എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.