കുന്നിക്കോട് : ആത്മഹത്യചെയ്ത പ്രവാസി സുഗതന്റെ ഇളമ്പലിലെ വർക്ക് ഷോപ്പ് തുറക്കാൻ പഞ്ചായത്ത് അനുമതി നൽകുന്നില്ലെന്ന ആരോപണവുമായി മക്കൾ രംഗത്ത്. അതേസമയം അനുമതി നിഷേധിച്ചിട്ടില്ലെന്ന് അറിയിച്ച് വിളക്കുടി ഗ്രാമപ്പഞ്ചായത്തും രംഗത്തുവന്നു.

ലൈസൻസിനുവേണ്ടി ദിവസങ്ങളായി പഞ്ചായത്ത് ഓഫീസിൽ എത്തുമ്പോൾ അപേക്ഷ സ്വീകരിക്കാതെ തടസ്സവാദം ഉന്നയിക്കുന്നെന്നാണ് പ്രധാന ആരോപണം. രാഷ്ട്രീയപ്പാർട്ടികളുടെ കൊടികുത്ത് സമരം കാരണം സ്ഥാപനം തുറക്കാൻ കഴിയാത്ത മനോവിഷമത്തിലാണ് പുനലൂർ വാളക്കോട് എസ്.എൻ. മന്ദിറിൽ സുഗതൻ കഴിഞ്ഞ ഫെബ്രുവരി 23-ന് ആത്മഹത്യചെയ്തത്. രാഷ്ട്രീയശ്രദ്ധയാകർഷിച്ച സംഭവത്തെ തുടർന്ന് വർക്ക് ഷോപ്പ് തുറക്കാൻ അനുമതി നൽകുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. ഈ പ്രതീക്ഷയിൽ നിർമാണം പൂർത്തിയാക്കി ലൈസൻസിന് സമീപിച്ചപ്പോഴാണീ അനുഭവം.

ലൈസൻസ് നിഷേധിക്കുന്ന സമീപനമാണ് പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സുഗതന്റെ മകൻ സുജിത് പറഞ്ഞു. എന്നാൽ കെട്ടിട നമ്പർ ലഭിച്ചാലേ ലൈസൻസ് അനുവദിക്കാനാവൂ എന്നാണ് പഞ്ചായത്ത് സെക്രട്ടറി വി.ഭദ്രന്റെ വിശദീകരണം. ഇതിന് വർക്ക് ഷോപ്പ് നിൽക്കുന്ന സ്ഥലത്തെ ഭൂവുടമ രേഖകൾ ഹാജരാക്കി അപേക്ഷ നൽകേണ്ടതുണ്ട്. എന്നാൽ ഭൂവുടമയുടെ അപേക്ഷ പഞ്ചായത്തിൽ ലഭിച്ചിട്ടില്ല. മാത്രമല്ല, വർക്ക് ഷോപ്പ് നിൽക്കുന്ന ഭൂമിയിൽ കുറേഭാഗം ലാൻഡ്‌ ഡേറ്റാ ബാങ്കിലും അല്ലാതെയും ഉൾപ്പെട്ടിട്ടുണ്ട്.

ഇത് വിവരിച്ചുള്ള വില്ലേജ് ഓഫീസിൽനിന്നുള്ള സാക്ഷ്യപത്രവും ഇക്കാര്യത്തിൽ ആവശ്യമാണെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. ഈ രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് സി.വിജയൻ ബുധനാഴ്ച സുഗതന്റെ മകനെ നേരിൽക്കണ്ട് നിർദേശം നൽകിയിട്ടുണ്ട്. തൊട്ടടുത്തദിവസം ചേരുന്ന പഞ്ചായത്ത് സമിതി യോഗത്തിലും വിഷയം ചർച്ചചെയ്ത് തീരുമാനമെടുക്കും. വർക്ക് ഷോപ്പിലേക്ക് വൈദ്യുതി എത്തിക്കാൻ ആവശ്യമായ രേഖകൾ മുമ്പ് പഞ്ചായത്ത് നൽകിയിരുന്നു.

Content Highlights: kollam sugathan death