കുണ്ടറ: കാലയവനികയ്ക്ക് പിന്നിൽ മറഞ്ഞത് നാടകത്തിനായി ജീവിച്ച കലാകാരൻ. കേരളപുരം കലാമിന്റെ ജീവിതം കേരള നാടക ചരിത്രത്തിന്റെ നേർക്കാഴ്ചകൂടിയാണ്. അരനൂറ്റാണ്ടോളം നാടകത്തിലായി ജീവിച്ചു. അമ്പതിൽപ്പരം നാടകങ്ങൾ രചിച്ചു. 40-ൽ അധികം നാടകങ്ങൾ സംവിധാനം ചെയ്തു. നിരവധി നാടകങ്ങളിൽ നായകവേഷംചെയ്തു. കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലുമായി ആയിരക്കണക്കിന് വേദികളിൽ കലാമിന്റെ നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടു.

കേരളപുരം സർക്കാർ ഹൈസ്കൂളിൽ കവി തിരുനല്ലൂർ കരുണാകരന്റെ ശിഷ്യനായിരുന്നു. നാടകലഹരി തലയ്ക്കുപിടിച്ച് പന്ത്രണ്ടാംക്ലാസ് തോറ്റപ്പോൾ വീടുപേക്ഷിച്ചെത്തിയത് കലാനിലയം നാടക ട്രൂപ്പിൽ. 19 വയസ്സുമുതൽ 10 വർഷം കലാനിലയത്തിൽ നാടകനടനായും അനൗൺസറായും ജീവിതം. ആദ്യരചനയായ ‘കേളി’ ജനപ്രീതിനേടിയതോടെ കലാമിന്റെ ജൈത്രയാത്ര ആരംഭിക്കുകയായിരുന്നു.

സ്ത്രീക്കും പുരുഷനും ദൈവം തുല്യാവകാശങ്ങളാണ് നൽകിയിട്ടുള്ളതെന്ന് സ്ഥാപിക്കുന്ന ‘ഫഹസ്’ നാടകത്തിന് വലിയ വെല്ലുവിളികൾ നേരിടേണ്ടിവന്നു. കണ്ണനല്ലൂരിൽ യാഥാസ്ഥിതികർ സ്റ്റേജ് കത്തിച്ചു. സാമൂഹികതിന്മകളെ എതിർക്കുന്ന നാടകങ്ങൾ അവതരിപ്പിക്കുമ്പോൾ പലപ്പോഴും വലിയ എതിർപ്പുകൾ നേരിടേണ്ടിവന്നു. ആക്രമണമുണ്ടാവുകയാണെങ്കിൽ രക്ഷപ്പെടാനുള്ള മാർഗങ്ങൾകൂടി നാടകം തുടങ്ങുംമുൻപ് കണ്ടുവയ്ക്കുമായിരുന്നു.

പുരാണനാടകങ്ങളിലെ പ്രകടനത്തിന് ദേവസ്വം ബോർഡിന്റെ കലാരത്നം അവാർഡ് നേടിയിരുന്നു. 2010-ൽ സംഗീത നാടക അക്കാദമിയുടെ ഗുരുവന്ദനം അവാർഡ്, മികച്ച നാടകരചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ കലാമിനെ തേടിയെത്തി. ജഗതി എൻ.കെ.ആചാരി, തിലകൻ, പാപ്പനംകോട് ലക്ഷ്മണൻ തുടങ്ങിയ കലാകാരന്മാരുമായി പ്രവർത്തിച്ചു. കലാമിന്റെ ‘ഫഹസും’ ‘ഫൈവ് സ്റ്റാർ ഹോസ്പിറ്റ’ലും സിനിമയായി. സാമൂഹിക പരിഷ്കരണത്തിനുള്ള മൂർച്ചയേറിയ ആയുധംകൂടിയായിരുന്നു കലാമിനെന്നും നാടകകല. തീവ്രവാദത്തിനെതിരേയുള്ള നാടകമെന്ന ആശയം പൂർത്തിയാക്കാനാവാതെയായിരുന്നു അന്ത്യം.