പുത്തൂർ : മതേതര സർക്കാർ ഒരു വിശ്വാസത്തിലും ഇടപെടരുതെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. പുത്തൂർ തൃക്കണ്ണാപുരം കാവിൽ ഭഗവതീക്ഷേത്രത്തിൽ പ്രഥമ കാവേറ്റം പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വം പറയുന്ന സർക്കാർ അയ്യപ്പന്റെ തിരുവാഭരണത്തിൽ കണ്ണുവയ്ക്കുകയാണ്. ക്ഷേത്ര ധ്വംസകനായ ടിപ്പുവിനെ വാഴ്ത്തുന്നവർ ഹിന്ദുസമൂഹത്തെ അപമാനിക്കുകയാണ്. മരണമില്ലാത്ത ധർമമാണ് ഹിന്ദുധർമം. അയോധ്യയിലെ രാമക്ഷേത്രം അക്രമികൾ പലതവണ തകർത്തിട്ടും രാമൻ ഇല്ലാതായില്ല. ശബരിമല ക്ഷേത്രം തീവെച്ചു, വിശ്വാസം തകർക്കാൻ ശ്രമിച്ചു, എന്നിട്ട് അയ്യപ്പനൊന്നും സംഭവിച്ചില്ല. ഹിന്ദുക്കൾ അനുഭവങ്ങളിൽനിന്ന്‌ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനം ടി.പി.സെൻകുമാർ ഉദ്ഘാടനം ചെയ്തു. നിസംഗതവെടിഞ്ഞ് കർമധീരരാവുക എന്നതാണ് സനാതനധർമത്തിന്റെ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ നശിപ്പിക്കാനായി ചിലർ ശ്രമിക്കുമ്പോൾ ആ ലോകത്തെ നിലനിർത്താൻ ഭാരതീയർ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ഉപാധ്യക്ഷൻ സി.മുരളീധരൻ അധ്യക്ഷത വഹിച്ചു. ടി.ബൈജു, ജി.അനിൽ കുമാർ എന്നിവർ സംസാരിച്ചു.