കുളത്തൂപ്പുഴ : ദിവസവും മഴപെയ്തിട്ടും കുടിവെള്ളം ചുമക്കേണ്ട ഗതികേടിലാണ് അമ്പതേക്കർ നിവാസികൾ. വേനൽകടുത്ത് കിണറുകൾ വറ്റി കുടിവെള്ളത്തിനായി നെട്ടോട്ടമോടിയ നാട്ടുകാർക്ക് ഇക്കുറി മഴവന്നിട്ടും രക്ഷയില്ല.
അമ്പതേക്കർ വില്ലുമല നിവാസികളാണ് മഴക്കാലത്തും കുടിവെള്ളം തലയിൽ ചുമക്കുന്നത്. ഭൂഗർഭജലം ഊറി കിണറുകൾ നിറയാത്തതാണ് ഇപ്പോഴും ഇവരെ കുടിവെള്ളം ചുമക്കേണ്ട അവസ്ഥയിലാക്കിയത്.
ജല അതോറിറ്റിയുടെ കുടിവെള്ളപദ്ധതി പാതയോരത്തുകൂടി കടന്നുപോകുന്നെങ്കിലും കോളനിവാസികൾക്ക് ഇതിന്റെ പ്രയോജനം ലഭ്യമല്ല. വനാതിർത്തിയിൽ വനംവകുപ്പ് ഒരുക്കിയിട്ടുള്ള പദ്ധതിയിൽനിന്ന് വെള്ളം കിട്ടണമെങ്കിൽ കുടവുമായി അവിടെയെത്തണം. ഇത്തരത്തിൽ പദ്ധതികൾ ഏറെയുണ്ടെങ്കിലും വീട്ടുമുറ്റത്ത് വെള്ളമെത്തിക്കാൻ ഇവയൊന്നും പ്രയോജനപ്പെടുന്നില്ല.
അതിനാൽ തൊഴിൽതേടി പോകുന്നവർപോലും പുലരുംമുൻപേ കുടവുമായി നീരുറവതേടി ഇറങ്ങണം. നിർധനരായ ഇവർക്ക് വൻതുക മുടക്കി പൈപ്പ് ലൈൻ കണക്‌ഷൻ എടുക്കാൻ നിർവാഹമില്ല. വീട്ടുമുറ്റത്ത് കിണറുള്ളതിനാൽ വേനൽക്കാലത്തെ ബുദ്ധിമുട്ടുകൾ സഹിച്ച് വെള്ളം ചുമക്കാൻ ഇവർ നിർബന്ധിതരാകുകയാണ്.
മഴക്കാലത്തും ഈ ദുരിതത്തിന് അറുതിയുണ്ടാകുന്നില്ല. മഴവെള്ളം സംഭരിച്ച് കിണറുകളിൽ എത്തിക്കാനായി പഞ്ചായത്ത് പദ്ധതിയൊരുക്കിയാൽ വേനൽക്കാലത്തും പ്രയോജനപ്പെടും. വീടിന്റെ മേൽക്കൂരയിൽനിന്ന് മഴക്കാലത്ത് വെള്ളം ശേഖരിച്ച് ശുദ്ധീകരിച്ച് കിണറ്റിലെത്തിക്കാനുള്ള പദ്ധതി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വൻ തുക മുടക്കി നടപ്പാക്കുന്ന കുടിവെള്ളപദ്ധതികൾ ജനങ്ങൾക്ക് പ്രയോജനപ്പെടാതെ നശിക്കുമ്പോൾ ലളിതമായ ചെലവിൽ വർഷംമുഴുവൻ തെളിനീർ കിട്ടുമെന്നാണ് നാട്ടുകാർ പറയുന്നത്.
അതേസമയം ഇക്കുറി എല്ലാവീട്ടിലും പൈപ്പ് ലൈൻ കണക്‌ഷൻ നൽകാനുള്ള പദ്ധതി ആവിഷ്കരിക്കുമെന്ന് പഞ്ചായത്ത് അംഗം ടി.ബാബു പറഞ്ഞു.