Kollam
വിനോദ്‌

കുളത്തൂപ്പുഴ : നാലുവർഷംമുൻപ്‌ പാതയോരത്തുനിന്ന്‌ മോഷ്ടിച്ചു കൊണ്ടുപോയ ലോറിയും പ്രതിയും പോലീസ് പിടിയിൽ. ആലപ്പുഴ എടത്വാ തലവടി ആനപ്രാമ്പൻ പുത്തൻപറമ്പിൽ വിനോദ് (41) ആണ് പിടിയിലായത്. കുളത്തൂപ്പുഴ ഗണപതിയമ്പലം മുരുകന്റെ ഉടമസ്ഥതയിലുള്ള ഐഷർ ലോറിയാണ് 2014 സെപ്റ്റംബർ അഞ്ചിന് ഗണപതിയമ്പലം ജങ്‌ഷനിൽനിന്ന്‌ മോഷണംപോയത്.

ഏറെ അന്വേഷണത്തിനൊടുവിൽ അന്ന് വിനോദിന്റെ അയൽവാസിയായിരുന്ന സുധീഷ് പിടിയിലായങ്കിലും കൂട്ടുപ്രതിയെയോ ലോറിയോ കണ്ടെത്താനായിരുന്നില്ല. ഒട്ടേറെ വാഹനക്കേസുകളിൽ പ്രതിയായ വിനോദ് ആടൂർ പോലീസിന്റെ പിടിയിലായതോടെയാണ് വാഹനമോഷണത്തിന്റെ ചുരുളഴിഞ്ഞത്.

അമ്പതിലധികം വാഹനങ്ങൾ താൻ കടത്തിയിട്ടുള്ളതായി പ്രതി പോലീസിനോട് സമ്മതിച്ചു. കുളത്തൂപ്പുഴയിൽനിന്ന്‌ കടത്തിയ ലോറി െബംഗളൂരുവിലെ സ്പിരിറ്റ് മാഫിയയ്ക്ക്‌ കൈമാറുകയായിരുന്നു. പ്രതിയിൽനിന്ന്‌ വിവരം കിട്ടിയതിനെ തുടർന്ന് കുളത്തൂപ്പുഴ സി.ഐ. സി.എൽ.സുധീറിന്റെ നേതൃത്വത്തിൽ പ്രതിയുമായി ആന്ധ്രയിൽ എത്തുകയും ദിവസങ്ങൾ നീണ്ട അന്വേഷത്തിനൊടുവിൽ ആന്ധ്രാപ്രദേശ് നെല്ലൂർ സുല്ലൂർപെട്ട് എക്സൈസ് സംഘത്തിന്റെ സഹായത്തോടെ വാഹനം കണ്ടെത്തുകയും ചെയ്തു.

ലോറിയുടമ മുരുകനെ ആന്ധ്രയിലെത്തിച്ച് വാഹനം തന്റേതാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. നാട്ടിലെത്തിക്കാൻ കഴിയുന്ന അവസ്ഥയിലല്ല വാഹനം. അതിനാൽ അവിടെ സുല്ലൂർപെട്ട പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. എസ്.ഐ. ജയകുമാർ, എ.എസ്.ഐ. പ്രോംലാൽ, ദീപക്, അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.