കുളത്തൂപ്പുഴ : തെരുവുനായ്ക്കളെ ഭയന്ന് ചോഴിയക്കോട്ടുകാർക്ക് പുറത്തിറങ്ങാനാവുന്നില്ല. വഴിയാത്രക്കാരെ നിരന്തരം ഇവ ആക്രമിക്കാൻ ശ്രമിക്കുന്നത് പതിവായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമില്ല. കഴിഞ്ഞദിവസം വഴിയാത്രക്കാരിയായ വയോധികയ്ക്ക് നായുടെ കടിയേറ്റ് പരിക്കേറ്റിരുന്നു. പ്രദേശവാസിയായ സരസ്വതി അമ്മയ്ക്കാണ് പരിക്കേറ്റത്. ഇവയുടെ ആക്രമണം ഭയന്ന് ഓടിയ ചിലർ വീണും പരുക്കേറ്റു.
നായ്ക്കളുടെ ശല്യം കാരണം കുട്ടികളെ ഒറ്റയ്ക്ക് സ്കൂളിലയയ്ക്കാനും രക്ഷിതാക്കൾ മടിക്കുന്നു. പേ ബാധിച്ച് ഭീതിപരത്തിയ നായകളിലൊന്നിനെ കഴിഞ്ഞദിവസം നാട്ടുകാർ തല്ലിക്കൊന്നു. ഇത്രയധികം നായ്ക്കൾ പ്രദേശത്ത് പെട്ടെന്ന് പെരുകാൻ ഇടയായതെങ്ങനെയെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. തമിഴ്‌നാട്ടിൽനിന്ന് നായകളെ പിടികൂടി അതിർത്തികടത്തി പ്രദേത്ത് തുറന്നുവിട്ടതാകാമെന്നാണ് നാട്ടുകാരുടെ സംശയം.