കുളത്തൂപ്പുഴ : കുളത്തൂപ്പുഴ ടിമ്പർ ഡിപ്പോ റോക്ക്‌വുഡ് കടവിലെ കടത്തുവള്ളം നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ സർവീസ് പുനരാരംഭിച്ചു. കാലപ്പഴക്കത്താൽ തകരാറിലായതിനെ തുടർന്ന് കടത്തു നിർത്തി ആറുമാസംമുൻപാണ് കടത്തുവള്ളം കരയ്ക്കുകയറ്റിയത്. ഇതോടെ പ്രദേശവാസികൾ കടത്തുകടക്കാനാവാതെ ദുരിതത്തിലുമായി. വള്ളമെത്താൻ വൈകിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
‘കടത്തുവള്ളം കരകയറി; യാത്രക്കാർ ദുരിതത്തിലായി’ എന്ന തലക്കെട്ടിൽ മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മാർച്ചിൽ പുതിയ വള്ളം വാങ്ങി കുളത്തൂപ്പുഴ പഞ്ചായത്ത് അധികൃതർ കടവിലെത്തിക്കുകയായിരുന്നു. എന്നാൽ ജലഗതാഗത വകുപ്പിന്റെ അനുമതി ലഭിക്കാൻ കാലതാമസം നേരിട്ടതിനാൽ യാത്ര അനുവദിച്ചിരുന്നില്ല. നടപടികൾ പൂർത്തിയാക്കി കഴിഞ്ഞദിവസം ഉത്തരവ് ലഭിച്ചതോടെയാണ് വള്ളം നീറ്റിലിറക്കി യാത്രയാരംഭിച്ചത്. കുളത്തൂപ്പുഴ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാബു എബ്രഹാം കടത്തുവള്ളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് അംഗം എസ്.നളിനിയമ്മ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം ഷീജ കെ.ആർ. ആശംസകൾ അർപ്പിച്ചു.