പുനലൂർ : വനിതകൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുന്ന ഫാഷൻ ഡിസൈനിങ് പരിശീലനകേന്ദ്രം പുനലൂരിൽ സജ്ജമായി. പ്രിമെറോ അപ്പാരൽ പാർക്ക് എന്നപേരിൽ നഗരസഭയുടെയും കുടുംബശ്രീയുടെയും സംയുക്ത സംരംഭമാണിത്. റെഡിമേഡ് വസ്ത്രങ്ങളും കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ബ്രാൻഡഡ് വസ്ത്രങ്ങളും ഇവിടെനിന്ന് പുറത്തിറക്കും. ഓർഡറുകൾ സ്വീകരിക്കുന്നതിനുപുറമെയാണ് സ്വന്തം ബ്രാൻഡുകൾ പുറത്തിറക്കുക.
ചെമ്മന്തൂർ പ്രൈവറ്റ് സ്റ്റാൻഡിലെ നഗരസഭാ ഷോപ്പിങ് കോംപ്ലക്സിന്റെ മുകൾനിലയിലാണ് കേന്ദ്രം. അമ്പത് വനിതകളുടെ നേതൃത്വത്തിലാണ് ആദ്യഘട്ട പ്രവർത്തനം. ഇതിനായി അരക്കോടി രൂപയുടെ മെഷീനറി സംവിധാനങ്ങൾ ക്രമീകരിച്ചുകഴിഞ്ഞു. കെട്ടിടം അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ നഗരസഭയാണ് ഒരുക്കിനൽകിയത്. ഗുണമേന്മയുള്ള വസ്ത്രങ്ങളുടെ ഉത്‌പാദനവും പരിശീലനവും ലക്ഷ്യമിടുന്നുണ്ട്. കൂടുതൽ പേർക്ക് പരിശീലനം ലഭ്യമാക്കി തൊഴിൽമേഖല വിപുലമാക്കുന്നതോടെ കൂടുതൽ പേർക്ക് തൊഴിലവസരവും വരുമാനവും ഉറപ്പാക്കാനാവുമെന്ന് നഗരസഭാധ്യക്ഷൻ എം.എ.രാജഗോപാൽ പറഞ്ഞു.
അപ്പാരൽ പാർക്കിന്റെ നടത്തിപ്പിനും മേൽനോട്ടത്തിനുമായി വനിതകളുടെ നേതൃത്വത്തിലുള്ള ആറംഗ ഭരണസമിതി ചുമതലയേറ്റിട്ടുണ്ട്. കുടുംബശ്രീ പ്രവർത്തക ശരണ്യയാണ് പ്രസിഡന്റ്. ഷെമി ഗണേഷാണ് സെക്രട്ടറി. അടുത്തമാസം ഒന്നിന് വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ വനംമന്ത്രി കെ.രാജു അപ്പാരൽ പാർക്കിന്റെ ഉദ്ഘാടനം നിർവഹിക്കും.