കൊട്ടിയം : കോഴിവളർത്തലിൽ തരംഗമാകാൻ വർഷത്തിൽ മുന്നൂറിലേറെ മുട്ടകൾ നൽകുന്ന ബി.വി.380 മുട്ടക്കോഴികൾ നാട്ടിലുമെത്തി. മുട്ടയിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ഇത്തരം കോഴിക്കുഞ്ഞുങ്ങളുടെ വിതരണം സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ആരംഭിച്ചു.

കെപ്കോയുടെ മാളയിലെ ഹാച്ചറിയിൽ വിരിയിച്ചെടുത്ത കോഴിക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം കൊട്ടിയത്തെ പൗൾട്രി കോംപ്ലക്സിൽ നടന്നു. ആദ്യഘട്ടത്തിൽ 50000 കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ പ്രവർത്തനങ്ങളുടെ വൈവിധ്യവത്‌കരണത്തിന്റെ ഭാഗമായാണ് കെപ്കോ വാണിജ്യാടിസ്ഥാനത്തിൽ ബി.വി. 380 ഇനത്തിൽപ്പെട്ട കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കാൻ തുടങ്ങിയത്.

അത്യുത്‌പാദനശേഷിയുള്ളതും രോഗപ്രതിരോധശേഷി കൂടിയതുമായ ഇത്തരം കോഴിക്കുഞ്ഞുങ്ങൾ മറുനാട്ടിൽനിന്നാണ് എത്തിക്കൊണ്ടിരുന്നത്. സാധാരണ കോഴികൾ വർഷത്തിൽ 120 മുതൽ 150 വരെ മുട്ടയിടുമ്പോൾ ബി.വി.380 കോഴികൾ 300 മുട്ടവരെ ഇടുന്നെന്നതാണ് ഇതിന്റെ പ്രത്യേകത. തവിട്ടുനിറത്തിലുള്ള ഇതിന്റെ മുട്ടകൾക്കും വൻ ഡിമാൻഡാണ്. കൊട്ടിയത്ത് നടന്ന ചടങ്ങിൽ കെപ്കോ ചെയർപേഴ്സൺ ജെ.ചിഞ്ചുറാണി കോഴിക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.

ആദിച്ചനല്ലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എം.സുഭാഷ് അധ്യക്ഷത വഹിച്ചു. കെപ്കോ മാനേജിങ്‌ ഡയറക്ടർ ഡോ. വിനോദ് ജോൺ, ഗ്രാമപ്പഞ്ചായത്ത് അംഗം രേഖ എസ്.ചന്ദ്രൻ, കെപ്കോ മാർക്കറ്റിങ്‌ മാനേജർ വി.സുകുമാരൻ നായർ എന്നിവർ പ്രസംഗിച്ചു.