കൊട്ടിയം : പ്രതീക്ഷയോടെ ആഴങ്ങളിലേക്ക് വലയെറിയുന്ന മത്സ്യത്തൊഴിലാളികൾക്ക് നിരാശയുടെ ദിനങ്ങൾ. വഞ്ചിയും വലയും നിറയാതെ വന്നതോടെയാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ വറുതിയിലേക്ക് നീങ്ങുന്നത്. കടലിലും കായലിലും മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് മത്സ്യലഭ്യതയിലുണ്ടായ കുറവുകാരണം ദുരിതത്തിലായത്.

വേനൽ കടുത്തതും കാലാവസ്ഥാവ്യതിയാനവുമാണ് മീൻലഭ്യത കുറയാൻ കാരണം. മയ്യനാട്, മുക്കം, താന്നി, ഇരവിപുരം തീരങ്ങളിലാണ് പരമ്പരാഗതമത്സ്യബന്ധനം നടക്കുന്നത്. അടുത്തിടെവരെ കായൽ, കടൽ മത്സ്യങ്ങൾ വാങ്ങാൻ വിവിധ സ്ഥലങ്ങളിൽനിന്നായി നിരവധി പേരാണ് ഇവിടങ്ങളിലേക്ക് എത്തിയിരുന്നത്.

മീനിന്റെ ലഭ്യതക്കുറവും വിലവ്യത്യാസവും കാരണം ഇതിൽ കുറവ് വന്നിട്ടുണ്ട്. അതിരാവിലെ ചെറുവള്ളങ്ങളിൽ കായലിൽ മത്സ്യബന്ധനത്തിനു പോകുന്ന പലരും വെറും െെകയോടെയാണ് തിരിച്ചെത്തുന്നത്. കടുത്ത വേനലിൽ വെള്ളം ചൂടാകുന്നതും മീനുകൾക്ക് പ്രജനനം നടത്താനുള്ള ഇടങ്ങൾ ഇല്ലാതായതുമാണ് കായലിൽ മത്സ്യസമ്പത്ത് കുറയാൻ കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

അനധികൃത മത്സ്യബന്ധനവും വ്യാപകമാണെന്ന് ഇവർ പറയുന്നു. ഇതേപ്പറ്റി അധികൃതരോട് പരാതിപ്പെട്ടാലും നടപടികൾ ഉണ്ടാകുന്നില്ല. കായലിൽ സുലഭമായി ലഭിച്ചിരുന്ന പല മത്സ്യങ്ങളും ഇന്ന് കാണാൻപോലുമില്ല. വേനൽച്ചൂടുമൂലം കടലിന്റെ അടിത്തട്ടിലുണ്ടായ മാറ്റങ്ങളാണ് മത്സ്യസമ്പത്ത് കുറയാൻ കാരണം. ചാള, മത്തി, അയല, പാര മത്സ്യങ്ങൾ സുലഭമായി ലഭിച്ചിരുന്ന മുക്കത്ത് ഇപ്പോൾ വറുതിയുടെ നാളുകളാണ്.

ആഴക്കടലിൽ വലിയ ബോട്ടുകൾ ഡബിൾ നെറ്റ് ഉപയോഗിച്ച് ചെറിയ മത്സ്യക്കുഞ്ഞുങ്ങളെയടക്കം പിടിക്കുന്നതും ലഭ്യത കുറയാൻ കാരണമാണെന്ന്‌ തൊഴിലാളികൾ പറഞ്ഞു. കടൽമാലിന്യങ്ങളും ചിലയിനം ശംഖുകളും കുടുങ്ങുന്നതുകാരണം വലകൾക്ക് സംഭവിക്കുന്ന കേടുപാടുകളാണ് മറ്റൊരു പ്രശ്നം. വൻ തുക പലിശയ്ക്കെടുത്താണ് പലരും അറ്റകുറ്റപ്പണികൾ നടത്തി വീണ്ടും വഞ്ചിയും വലയുമായി കടലിലിറങ്ങുന്നത്.

കടൽ കനിയാതായതോടെ പലരും ബ്ലേഡ് പലിശക്കാരിൽനിന്നുള്ള ഭീഷണിയുടെ നിഴലിലാണ്. കാലവർഷത്തോടെ കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനാണ്‌ സാധ്യത. തീരദേശത്തെ ദുരിതം മാറ്റാൻ സൗജന്യ റേഷൻ പ്രഖ്യാപിക്കുകമാത്രമാണ് സർക്കാർ ചെയ്യുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. സ്കൂൾ തുറക്കുന്ന സമയമായതിനാൽ വിദ്യാഭ്യാസ ഗ്രാന്റ് അടക്കമുള്ളവ വർദ്ധിപ്പിക്കുകയും ആശ്വാസധനം അനുവദിക്കുകയും ചെയ്യണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

Content Highlights: Fishermen Kollam, Kottiyam News