കൊട്ടിയം : രണ്ടാഴ്ചയ്ക്കുള്ളിൽ കൊട്ടിയത്തും പരിസരത്തുമായി മുങ്ങിമരിച്ചത് മൂന്നുകുട്ടികൾ. മനമുരുകിയുള്ള പ്രാർഥനകൾ ഫലിക്കാതെ യാത്രയായ ഇളവൂർ ധനീക്ഷ്‌ മന്ദിരത്തിൽ പ്രദീപ് ചന്ദ്രന്റെയും ധന്യയുടെയും മകൾ പൊന്നു എന്ന ദേവനന്ദ(7)യുടെ മരണമാണ് ഒടുവിലത്തേത്. വീട്ടുകാരും നാട്ടുകാരും മരണത്തിൽ ദുരൂഹത ആരോപിക്കുമ്പോൾ സമഗ്രമായ തുടരന്വേഷണമാണ് പ്രതീക്ഷിക്കുന്നത്.

കൊല്ലം പുന്തലത്താഴത്ത് കോർപ്പറേഷൻ സ്ഥലത്തെ വെള്ളക്കെട്ടിൽ വീണ് പത്തുവയസ്സുകാരി കാവ്യ കണ്ണൻ ദാരുണമായി മരിച്ചതിന്റെ ഞെട്ടൽ മാറുംമുൻപായിരുന്നു ദേവനന്ദ പള്ളിമൺ ആറിന്റെ കയങ്ങളിലേക്ക് മുങ്ങിയമർന്നത്. കൊല്ലം കോർപ്പറേഷന്റെ ഞാങ്കടവ് കുടിവെള്ളപദ്ധതിക്കുവേണ്ടി പുന്തലത്താഴം വസൂരിച്ചിറയിൽ നിർമിക്കുന്ന വാട്ടർ ട്രീറ്റ്മെന്റ്‌ പ്ലാൻറിന് സമീപത്തെ വെള്ളക്കെട്ടിൽ വീണാണ് കാവ്യ കണ്ണൻ മരിച്ചത്. സമീപത്ത്‌ കൃഷിക്കായി ഉപയോഗിച്ചിരുന്ന വെള്ളച്ചാൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിച്ച് വലിയകുളംപോലെയാക്കി നിർമാണപ്രവൃത്തികൾക്ക് വെള്ളമെടുക്കാൻ ഉപയോഗിക്കുകയായിരുന്നു. കരാറുകാരന്റെ സൗകര്യത്തിനുവേണ്ടി കുഴികുത്തിയെങ്കിലും സുരക്ഷാനടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. ട്യൂഷന് പോയശേഷം നാലു വയസ്സുകാരി അനുജത്തിയോടൊപ്പം നടന്നുവരവേ തലകീഴായി വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. ഒരു സുരക്ഷാനടപടിയുമില്ലാതെ അനധികൃതമായി കുളംകുഴിച്ചതിന്‌ നടപടികൾ സ്വീകരിക്കാൻ ആരുമില്ലെന്നതാണവസ്ഥ.

കഴിഞ്ഞ 22-നാണ് കൊട്ടിയത്ത് സ്വകാര്യ വിദ്യാലയത്തിൽ പഠിക്കുന്ന മുഹമ്മദ് ഷാഫിയെന്ന പതിനേഴുകാരൻ മുഖത്തലയ്ക്കുസമീപം കുഴിവെട്ടിക്കുളത്തിൽ മുങ്ങി മരിച്ചത്. കൂട്ടുകാരായ ഒൻപതു പേരുമായി കുളിക്കാൻപോയതായി പറയുന്നു. മരിച്ചനിലയിലാണ് പിന്നീട് കണ്ടെത്തിയത്. മരണത്തിൽസംശയം ഉന്നയിച്ച് രക്ഷിതാക്കൾ അടുത്തദിവസം തന്നെ കൊട്ടിയം പോലീസിന് പരാതി നൽകിയിരുന്നു. വിശദമായ പോസ്റ്റ്േമാർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ അന്വേഷണം വ്യാപകമാക്കൂ എന്നാണ് പോലീസ് പറയുന്നത്.

മയ്യനാട് വെള്ളാപ്പിൽമുക്കിനടുത്ത് രാജീവ് നിവാസിൽ രാമചന്ദ്രന്റെ മകൻ രാജീവ് പുത്തൻകുളത്തിൽ മുങ്ങിമരിച്ചത് ഇക്കഴിഞ്ഞ വെള്ളിയാഴ്ച. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ബിരുദ വിദ്യാർഥിയായ പാരിപ്പള്ളി സ്വദേശി ഐശ്വര്യ ഇത്തിക്കരയാറ്റിൽ മുങ്ങിമരിച്ചത്.

deaths

കാവ്യ കണ്ണന്റെ പിതാവ് കണ്ണന്‍, മുഹമ്മദ് ഷാഫിയുടെ പിതാവ് നാസറുദ്ദീന്‍, ദേവനന്ദയുടെ മുത്തച്ഛന്‍ മോഹനന്‍ പിള്ള

* മോഹനൻ പിള്ള:

കുഞ്ഞുമകൾ ഒരിക്കലും ഒറ്റയ്ക്ക് ആറിന്റെ തീരത്തേക്ക് പോകാറില്ല. ആരെങ്കിലും കൂട്ടിക്കൊണ്ടുപോയി അപായപ്പെടുത്താനാണ് സാധ്യത. ഞങ്ങളാരും ഇന്നുവരെയും കുട്ടിയേയുംകൂട്ടി ആ ഭാഗത്തൊന്നും പോയിട്ടില്ല. സത്യാവസ്ഥ കണ്ടെത്താൻ പോലീസും നാട്ടുകാരും സഹകരിക്കണം. ഞാൻ കോൺട്രാക്ടറുടെകൂടെയാണ്‌ ജോലിക്ക്‌ പോകുന്നത്. പോകുന്നതിനുമുൻപ് കുഞ്ഞുമകളെ വിളിച്ചുണർത്തി മുത്തംനൽകിയാണ് പോകാറുള്ളത്. തലേന്ന് സ്കൂളിൽ കുഞ്ഞിന്റെ ഡാൻസ് ഉണ്ടായിരുന്നതിനാൽ ഏറെ വൈകിയാണ് ഉറങ്ങാൻ കിടന്നത് അതുകൊണ്ടുതന്നെ വിളിച്ചുണർത്താതെയാണ് പോയത്......

* കണ്ണൻ:

നിരവധി കുട്ടികൾ കളിക്കുന്ന പൊതുസ്ഥലത്ത് ഒരു സുരക്ഷയും ഒരുക്കാതെ വലിയകുളം കുഴിച്ചതാണ് എന്റെ കുഞ്ഞിന്റെ മരണത്തിന് വഴിയൊരുക്കിയത്. ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും തുടർനടപടികളൊന്നുമുണ്ടായില്ല. പോലീസ് കമ്മിഷണറടക്കം ഉന്നതർക്ക് പരാതി നൽകി. മുഖ്യമന്ത്രിക്കും പരാതി നൽകും. നീതി തേടി ഏതറ്റംവരെയും പോകാനാണ് തീരുമാനം.

* നാസറുദ്ദീൻ

മകൻ മുഹമ്മദ് ഷാഫി മരിച്ചതിന്റെ തൊട്ടടുത്ത ദിവസംതന്നെ കൊട്ടിയം പോലീസിന് പരാതി നൽകിയിരുന്നു. മകനോടൊപ്പം മറ്റ് ഒൻപതു പേരുണ്ടായിരുന്നെങ്കിലും എല്ലാവരെയും ചോദ്യം ചെയ്യാൻപോലും തയ്യാറായിട്ടില്ല. അവന്റെ കൈയിൽ വിലകൂടിയ വാച്ചും 5,00 രൂപയിലധികം പണവും അവന്റെ ഷൂവും കണ്ടെത്താനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിൽ പലരും സംഭവം നടന്നയുടൻ കടന്നുകളഞ്ഞതായാണ് വിവരം. പരസ്പരവിരുധമായി ഒപ്പമുണ്ടായിരന്നവർ സംസാരിക്കുന്നതും സംശയത്തനിടയാക്കുന്നു.

Content Highlights: Kottiyam children drowning death, Devananda,Kavya Kannan, Muhammed Shafi, Kollam