കൊട്ടിയം : ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ ഇരവിപുരം പോലീസ് പിടികൂടി.
തട്ടാമല പന്ത്രണ്ടുമുറി നഗർ-254 രേഷ്മാ മൻസിലിൽ അലി അഹമ്മദി(19)നെ പിൻതുടർന്ന് സിഗ്നലിൽ ബൈക്ക് നിർത്തിയപ്പോൾ തള്ളിയിട്ട് ആക്രമിച്ച സംഭവത്തിലെ പ്രതികളാണ് പിടിയിലായത്.
പള്ളിമുക്ക് ഷേക്ക് നഗർ-52 അൽത്താഫ് മൻസിലിൽനിന്ന് തട്ടാമല ഓലിക്കര വയലിൽ താമസിക്കുന്ന അച്ചുവെന്നു വിളിക്കുന്ന അസറുദീ(20)നും കൂട്ടാളിയായ പ്രായപൂർത്തിയാകാത്ത ആളുമാണ് അറസ്റ്റിലായത്. പ്രധാനപ്രതിക്കെതിരേ വാഹനമോഷണ കേസും പോക്സോ കേസും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ 24-ന് ഉച്ചയ്ക്ക് ബൈക്കിൽ പോവുകയായിരുന്ന അലി അഹമ്മദിനെ ബൈക്കിൽ പിന്തുടർന്ന പ്രതികൾ മേവറം ബൈപ്പാസ് ജങ്‌ഷനിൽ ട്രാഫിക് സിഗ്നലിനായി അലി അഹമ്മദ് ബൈക്ക് നിർത്തിയപ്പോൾ തള്ളിയിട്ട് പാറകൊണ്ട് ആക്രമിക്കുകയായിരുന്നു. പരാതി കൊടുത്താൽ ബൈക്ക് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ കടന്നത്. കൊല്ലം സിറ്റി അസി. പോലീസ് കമ്മിഷണർ പ്രദീപ് കുമാറിന്റെ നിർദേശപ്രകാരമായിരുന്നു അന്വേഷണം. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെയും അസറുദ്ദീനെ കോടതിയിലും ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. ഇരവിപുരം ഇൻസ്പെക്ടർ വിനോദ് കെ., എസ്.ഐ.മാരായ അനീഷ്, ബിനോദ് കുമാർ, ദീപു, ജി.എസ്.ഐ.മാരായ സുജാതൻ, ഷാജി, സജീവൻ, എ.എസ്.ഐ.മാരായ ഷിബു പീറ്റർ, ജയപ്രകാശ്, സി.പി.ഒ. സാബിത്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.