കൊട്ടാരക്കര : ഓണമല്ലേ, എങ്ങനെ ആഘോഷിക്കാതിരിക്കും. നാടൊന്നാകെ പ്രളയദുരിതത്തിന്റെ ഓർമകൾ പങ്കുവയ്ക്കുമ്പോഴും ഓണം പേരിനെങ്കിലും ആഘോഷമാക്കുകയാണ് ജനങ്ങൾ.

ആഡംബരങ്ങളൊഴിവാക്കി ഓണപ്പുടവയിലും സദ്യയിലും ഒതുക്കുകയാണ് മിക്കയിടങ്ങളിലും ഓണാഘോഷം. അത്തം കറുത്തപ്പോൾ ഓണം വെളുക്കുമെന്ന് പഴമനസ്സുകൾക്ക് ഉറപ്പായിരുന്നു. എന്നാൽ അത്തംമുതൽ തകർത്ത മഴ പ്രളയദുരിതമായി മാറിയപ്പോൾ തിരുവോണം വെളുത്തിട്ടും ആഘോഷിക്കാൻ മനസ്സില്ല.

പൂക്കളങ്ങളും ഊഞ്ഞാലും കാണാനില്ല. ഓഫീസുകളും സ്ഥാപനങ്ങളും ആഘോഷം ഒഴിവാക്കിയതോടെ സെറ്റുസാരിയും മുണ്ടും ഉടുത്ത ഓണക്കാഴ്ചകളും ഇക്കുറിയുണ്ടായില്ല. പൂക്കച്ചവടവും പേരിനുമാത്രം. വഴിയോരക്കച്ചവടം പകുതിയായി. കഴിഞ്ഞ രണ്ടുദിവസങ്ങളിൽമാത്രമാണ് നഗരത്തിൽ ഓണത്തിരക്കുണ്ടായത്.

പച്ചക്കറിക്കടകളിലും വസ്ത്രാലയങ്ങളിലുമായി അത് ഒതുങ്ങി. മുൻവർഷങ്ങളിലേതുപോലെ ഉത്രാടപ്പാച്ചിലും ഉണ്ടായില്ല. എങ്കിലും വീടുകളിൽ മാത്രമൊതുങ്ങുന്ന കൂട്ടായ്‌മയായി ഇക്കുറി തിരുവോണം കടന്നുപോകും.