അഞ്ചൽ : ഇളവറാംകുഴിയിൽ ആദ്യ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായ ആൾക്ക് തുടർ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുവായ വ്യാപാരിക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. തുടർദിവസങ്ങളിൽ നടന്ന സ്രവപരിശോധനയിൽ ഇവരുടെ കുടുംബാംഗങ്ങളിൽ അഞ്ചുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ആദ്യഘട്ടത്തിൽ രോഗം സ്ഥിരീകരിച്ച ബന്ധു ചികിത്സകഴിഞ്ഞ് മടങ്ങിയെത്തിയ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ഇപ്പോൾ രോഗം സ്ഥിരീകരിച്ച ആളുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചത്. ഇയാളെ കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റി.

ആദ്യപരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും തുടർദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ച കുടുബാംഗങ്ങളോടൊപ്പമായിരുന്നു ഇദ്ദേഹത്തിന്റെ താമസം. രോഗികളുമായി വീണ്ടും സമ്പർക്കത്തിൽ ഏർപ്പെട്ടതിനാൽ ആവാം ഇപ്പോൾ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതെന്നാണ് വിലയിരുത്തൽ.

വിളക്കുപാറ, ഇളവറാംകുഴി മേഖലയിൽ തുടർച്ചയായി കോവിഡ് സ്ഥിരീകരിച്ചതോടെ പുനലൂരിൽനിന്നുള്ള ഫയർ ഫോഴ്‌സ് സംഘം പ്രദേശത്ത് അണുനശീകരണം നടത്തി. വിളക്കുപാറയിലെ എ.ടി.എം. കൗണ്ടർ, വ്യാപാര സ്ഥാപനങ്ങൾ, രോഗം സ്ഥിരീകരിച്ചവരുടെ വീടും പരിസരപ്രദേശങ്ങളും ഇളവറാംകുഴിയിലെ വ്യാപാരസ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ, രോഗം സ്ഥിരീകരിച്ചവരുടെ വീടും പരിസരവും എന്നിവിടങ്ങളിലാണ് അണുനശീകരണം നടത്തിയത്.

ചികിത്സ ലഭിക്കാതെ മരിച്ച വയോധികന് കോവിഡ് ഇല്ല

കുളത്തൂപ്പുഴ : കോവിഡ് രോഗഭീതി നിലനിൽക്കുന്ന പ്രദേശത്ത് പനിബാധിച്ചു മരിച്ച വയോധികന് കോവിഡ് ബാധിച്ചിട്ടില്ലെന്ന് പരിശോധനാഫലം. കുളത്തൂപ്പുഴ ചോഴിയക്കോട് തേക്കുവിളവീട്ടിൽ ഗോപി(66)യാണ് ഞായറാഴ്ച പുലർച്ചയോടെ വീട്ടിൽ മരിച്ചത്. ആശുപത്രിയിൽ എത്തിക്കാൻ വാഹനം കിട്ടാതെവന്നതോടെയാണ് ചികിത്സലഭിക്കാതെ ഇദ്ദേഹം വീട്ടിൽ മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ നടന്ന മൃതദേഹപരിശോധനാഫലം വന്നതോടെ രോഗം ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തി.

ശനിയാഴ്ച അർധരാത്രിയോടെ അസുഖം മൂർച്ഛിച്ച ഗോപിയെ ആശുപത്രിയിൽ എത്തിക്കാൻ വാഹനം വിളിച്ചെങ്കിലും കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ആരും ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ല. ഒടുവിൽ 108 ആംബുലൻസിന്‍റെ സേവനം ആവശ്യപ്പെട്ടെങ്കിലും അതും ലഭിച്ചില്ല. അതോടെയാണ് ആശുപത്രിയിൽ എത്തിക്കാൻ കഴിയാഞ്ഞതും ചികിത്സലഭിക്കാതെ മരിച്ചതും. തുടർന്ന്‌ കോവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാൽ ആരോഗ്യവകുപ്പ് മൃതദേഹം കോവിഡ് ആശുപത്രിയിലേക്ക് പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.