അഞ്ചൽ : കരുകോൺ കുട്ടിനാട് പട്ടികജാതി കോളനിയിൽ പോലീസ് അതിക്രമം കാണിച്ചെന്നാരോപിച്ച് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം അഞ്ചൽ പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.
കഴിഞ്ഞ തിങ്കളാഴ്ച കുട്ടിനാട് ക്ഷേത്രത്തിനു സമീപംെവച്ച് ഏതാനുംപേർ ക്ഷേത്രദർശനത്തിനെത്തിയ സ്ത്രീകളെ അസഭ്യം പറഞ്ഞു. ക്ഷേത്രജീവനക്കാരനായ പുരുഷോത്തമൻ ഇത് ചോദ്യംചെയ്തു. ക്ഷേത്രത്തിലെ ജോലി കഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്ക് തിരിച്ചുപോകുമ്പോൾ ചിലർ സംഘംചേർന്ന് പുരുഷോത്തമനെ ആക്രമിച്ചു. ഇതു കണ്ട് പുരുഷോത്തമനെ രക്ഷിക്കാൻ ചെന്ന മറ്റ് കോളനി നിവാസികളെയും മർദിച്ചു. എന്നാൽ, അക്രമികൾക്കെതിരേ പോലീസ് കേസെടുക്കുന്നില്ലെന്ന് കോളനി നിവാസികൾ പറഞ്ഞു. മർദനമേറ്റ പുരുഷോത്തമന്റെയും മറ്റുള്ളവരുടെയും പേരിലാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിനുശേഷം രാത്രിയിൽ പോലീസ് വീട്ടിനുള്ളിൽ കടന്ന് സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറഞ്ഞതായും ഇവർ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ചാണ് പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുപ്പു പ്രതിഷേധം നടത്തിയത്.
പോലീസ് വീടുകളിൽ അതിക്രമിച്ചുകയറിയിട്ടില്ലെന്നും കുട്ടിനാട് സ്വദേശി സന്തോഷിന് മർദനമേറ്റ സംഭവത്തിൽ സന്തോഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി ആറുപേർക്കെതിരേ കേസെടുത്തെന്നും അഞ്ചൽ സി.ഐ. സി.എൽ.സുധീർ പറഞ്ഞു.
പുനലൂർ ഡിവൈ.എസ്.പി. അനിൽ എസ്.ദാസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്ന് കോളനി നിവാസികൾ പ്രതിഷേധം അവസാനിപ്പിച്ചു. വീടുകളിൽ പോലീസ് കയറില്ലെന്നും സത്യസന്ധമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഡിവൈ.എസ്.പി. പ്രതിഷേധക്കാർക്ക് ഉറപ്പ് നൽകി. തുടർന്നാണ് സമരം അവസാനിപ്പിച്ചത്.