കൊല്ലം: ഒരുക്കങ്ങൾ പൂർത്തിയാക്കി ഉദ്ഘാടനം കാത്തിരിക്കുന്ന ബൈപ്പാസിൽ കൗതുകമാകുന്നത് സന്ദർശകരുടെ തിരക്കാണ്. സമീപപ്രദേശങ്ങളിൽനിന്നും ദൂരസ്ഥലങ്ങളിൽനിന്നും നൂറുകണക്കിനുപേരാണ് കുടുംബസമേതം ബൈപ്പാസിന്റെ പ്രധാന ആകർഷണമായ പാലങ്ങളിലേക്കെത്തുന്നത്.

അഷ്ടമുടിക്കായലിന്റെ സൗന്ദര്യം മറ്റെവിടെനിന്നാലും ഇത്ര പ്രകടമല്ലെന്നാണ് സന്ദർശകരുടെ അഭിപ്രായം. വലുപ്പത്തിൽ മുന്നിലായ കടവൂർ-മങ്ങാട് പാലത്തിൽത്തന്നെയാണ് സന്ദർശകരും ഏറെ. പാലത്തിലേക്ക് വാഹനങ്ങൾ കടത്തിവിടില്ലെങ്കിലും പുറത്ത് പാർക്കുചെയ്ത് കായൽ സൗന്ദര്യം നടന്നാസ്വദിക്കാമെന്നതാണ് സന്ദർശകരെ ഇങ്ങോട്ടാകർഷിക്കുന്നത്. തെരുവുവിളക്കുകളും റോഡിൽ പതിച്ചിട്ടുള്ള റിഫ്ലക്ടറുകളുടെ പ്രഭയുമെല്ലാം രാത്രിക്കാഴ്ചയ്ക്ക് പുതിയ മാനം നൽകുന്നു. ഞായറാഴ്ച അവധിദിവസമായതിനാൽ സന്ദർശകരുടെ വരവ് മുൻകൂട്ടി കണ്ട് ഏതാനും കച്ചവടക്കാരും പാലത്തിൽ സ്ഥാനം പിടിച്ചിരുന്നു.

15-ന് ബൈപ്പാസ് തുറന്ന് വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയാൽ നടപ്പാതയില്ലാത്ത പാലങ്ങളിൽ സ്വസ്ഥമായി നിന്ന് ഇപ്പോഴത്തെപോലെ കായൽ സൗന്ദര്യമാസ്വദിക്കാനാകില്ലായെന്നതാണ് സന്ദർശകരുടെ സങ്കടം.