കൊല്ലം : കൊല്ലം ബൈപ്പാസ് തുറക്കുമ്പോൾ സഫലമാകുന്നത് നാലുപതിറ്റാണ്ട് മുൻപുള്ള മുൻമന്ത്രി ടി.കെ.ദിവാകരന്റെ സ്വപ്നമാണ്. 19-ന് അദ്ദേഹത്തിന്റെ 42-ാം ചരമവാർഷികം ആചരിക്കാനിരിക്കെയാണ് ആ ദീർഘദർശിയുടെ ആഗ്രഹം നടപ്പാകുന്നത്.

എന്നാൽ ഇപ്പോഴും അദ്ദേഹം വിഭാവനംചെയ്ത ലക്ഷ്യം പൂർണമായി നേടാൻ കഴിഞ്ഞിട്ടില്ല. 45 മീറ്ററിൽ ബൈപ്പാസ് നിർമിക്കണമെന്നാണ് അദ്ദേഹം ഫയലിൽ എഴുതിയതെന്ന് മകനും മുൻമന്ത്രിയുമായ ബാബുദിവാകരൻ പറയുന്നു. കൊല്ലത്തിന് പുറമേ ആലപ്പുഴ, ആറ്റിങ്ങൽ, കഴക്കൂട്ടം ബൈപ്പാസുകളും നിർമിക്കാൻ അദ്ദേഹം പദ്ധതിയിട്ടിരുന്നു. സംസ്ഥാന സർക്കാർതന്നെ പണം മുടക്കാനാണ് ഉദ്ദേശിച്ചത്. കേന്ദ്രസർക്കാരിന്റെ സഹായവും തേടാമെന്നായിരുന്നു പ്രതീക്ഷ. 1975-ലെ ബജറ്റിൽ കൊല്ലം ബൈപ്പാസിനായി ടോക്കൺ തുക ഉൾപ്പെടുത്തിയിരുന്നു. എന്നാൽ 1976-ൽ ടി.കെ.ദിവാകരൻ മരിച്ചു.

കഴക്കൂട്ടം പാതയാണ് ആദ്യംനടപ്പായത്. അച്ഛന്റെ സ്വപ്നം സഫലമാക്കാൻ എം.എൽ.എ. എന്നനിലയിൽ ബാബുദിവാകരനും ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. മേവറംമുതൽ കല്ലുംതാഴം വരെയുള്ള ആദ്യഘട്ടം പൂർത്തിയായത് മുൻ കേന്ദ്രമന്ത്രി എസ്.കൃഷ്ണകുമാറിന്റെ ശ്രമഫലമായാണ്. കൃഷ്ണകുമാറുമായി ഇക്കാര്യം പതിവായി സംസാരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കേന്ദ്രത്തിൽ സെക്രട്ടറി ആയിരുന്ന സരളഗോപാലൻ അടക്കമുള്ളവരെ ഇക്കാര്യത്തിനായി പലപ്രാവശ്യം കണ്ടിട്ടുണ്ടെന്ന് ബാബുദിവാകരൻ പറഞ്ഞു.

കനത്ത സാമ്പത്തികചെലവാണ് ബാക്കിഭാഗത്തിന്റെ നിർമാണത്തിന് തടസ്സമായത്. മൂന്നു പാലങ്ങൾക്ക് വൻതുകവേണ്ടിയിരുന്നു. മുൻകൈയെടുക്കാനും ആളില്ലായിരുന്നു.

കൊല്ലത്തുനിന്ന് വർക്കലവഴി കോവളത്തേക്ക് തീരദേശ റോഡ് നിർമാണവും ടി.കെ.ദിവാകരൻ സ്വപ്നംകണ്ടിരുന്നു. പഞ്ചായത്ത് പ്രസിഡന്റുമാരെ വിളിച്ചുകൂട്ടി അഞ്ചോ ആറോ മീറ്റർ വീതിയിൽ റോഡ് നിർമിച്ച് നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിന്നീട് പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുത്ത് വികസിപ്പിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്‌ദാനം. ഇതിനുപുറമേ അഗസ്ത്യകൂടംവഴി തമിഴ്‌നാട്ടിലേക്ക് മലയോര ഹൈവേ നിർമിക്കാനും പദ്ധതിയിട്ടിരുന്നു .

കടൽഭിത്തി നിർമിക്കുന്നതിന് കേന്ദ്രഫണ്ട് ആദ്യമായി വാങ്ങിയെടുത്തതും അദ്ദേഹമായിരുന്നു. സംസ്ഥാനബജറ്റിൽ അന്ന് പത്തുലക്ഷംരൂപയാണ് ഒരുവർഷം ഇതിനായി പരമാവധി നീക്കിവയ്ക്കാറുള്ളത്. 1974-ൽ കേന്ദ്രജലസേചനമന്ത്രി വിളിച്ച യോഗത്തിൽ രാജ്യത്തിന്റെ അതിർത്തിസംരക്ഷണത്തിന് ഫണ്ട് നീക്കിവയ്ക്കുന്ന പരിഗണന തീരസംരക്ഷണത്തിനും നൽകണമെന്ന് ടി.കെ.ദിവാകരൻ ആവശ്യപ്പെട്ടു. ആ വർഷം 10 കോടി രൂപയാണ് കേന്ദ്രസർക്കാർ ആദ്യമായി സംസ്ഥാനത്തിന് അനുവദിച്ചത്. വികസനസ്വപ്നങ്ങൾ ബാക്കിവച്ച് അമ്പത്തിയാറാം വയസ്സിലാണ് അദ്ദേഹം യാത്രയായത്.

Content Highlights: Kollam Bypass