കൊല്ലം : ബൈപ്പാസിന്റെ ഇരുവശവും പച്ചക്കറിക്കൃഷി ചെയ്യാനുള്ള കോര്‍പ്പറേഷന്റെ പദ്ധതി അവതാളത്തില്‍. പച്ചക്കറിക്കൃഷി ആരംഭിക്കാനായി വൃത്തിയാക്കിയ ബൈപ്പാസ് വശങ്ങള്‍ മുഴുവനും വീണ്ടും കാടുമൂടി. ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിപ്രകാരം വിളവെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് മേവറംമുതല്‍ കാവനാടുവരെ ബൈപ്പാസിന്റെ ഇരുവശങ്ങളില്‍ കൃഷി ചെയ്യാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ജൂലായ് 25-നായിരുന്നു കൃഷിക്കായി ബൈപ്പാസിന്റെ വശങ്ങള്‍ വൃത്തിയാക്കാന്‍ ആരംഭിച്ചത്. ദിവസങ്ങള്‍കൊണ്ടു വൃത്തിയാക്കി വിത്തുകള്‍ പാകാനായിരുന്നു തീരുമാനം. കൂടുതല്‍ ഭാഗങ്ങളും വൃത്തിയാക്കാതെ അവശേഷിച്ചു.

പന്ത്രണ്ടു ഡിവിഷനുകളിലായി വരുന്ന 13.5 കിലോമീറ്റര്‍ ദൂരമാണ് കൃഷിക്കായി തിരഞ്ഞെടുത്തത്. കോര്‍പ്പറേഷന്‍ ശുചീകരണത്തൊഴിലാളികളുടെയും തൊഴിലുറപ്പുതൊഴിലാളികളുടെയും നേതൃത്വത്തിലായിരുന്നു വൃത്തിയാക്കല്‍. ഹ്രസ്വകാലയളവില്‍ വിളവെടുക്കാന്‍ കഴിയുന്ന പച്ചക്കറികളും വാഴക്കന്നുകളും നടാനായിരുന്നു ഉദ്ദേശ്യം. എന്നാല്‍, അയത്തില്‍, കല്ലുംതാഴം തുടങ്ങിയ ഇടങ്ങളില്‍ കുറച്ചു സ്ഥലത്തുമാത്രമേ കൃഷി നടന്നുള്ളൂ. ബൈപ്പാസ് മുഴുവന്‍ വൃത്തിയാക്കാനും കഴിഞ്ഞില്ല.

ഓരോ ഡിവിഷന്റെയും പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ തൊഴിലുറപ്പുതൊഴിലാളികളും കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗവും കൗണ്‍സിലര്‍മാരും ചേര്‍ന്നാണ് കൃഷിമേല്‍നോട്ടം തീരുമാനിച്ചിരുന്നത്. കൃഷിക്കായി വൃത്തിയാക്കിയ ബൈപ്പാസിന്റെ ഇരുവശവും വീണ്ടും പഴയപടിയായി. മാലിന്യംനിറഞ്ഞ് കാടുമൂടിയ അവസ്ഥയിലായി. പ്ലാസ്റ്റിക് മാലിന്യവും കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും വീണ്ടും അവിടം കൈയടക്കി. ഇതുമൂലം തെരുവുനായശല്യവും രൂക്ഷമാണ്. കൃഷി ആരംഭിക്കണമെങ്കില്‍ വൃത്തിയാക്കുന്നതിന് വീണ്ടും ദിവസങ്ങളോളം പണിപ്പെടേണ്ടിവരും.