കൊല്ലം : തെക്കൻ കേരളതീരത്ത് മത്സ്യബന്ധനം അസാധ്യമാക്കുന്ന ഷിപ്പിങ് ഡയറക്ടർ ജനറലിന്റെ ഉത്തരവ് റദ്ദാക്കുക, മത്സ്യസമ്പത്ത് സംരക്ഷിക്കുക, പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓഗസ്റ്റ് ഒന്നിന് കൊല്ലം തുറമുഖത്തിനു മുമ്പിൽ കേരള മത്സ്യത്തൊഴിലാളി കോൺഗ്രസ് (എം) ധർണ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ഫ്രാൻസിസ് ജെ.നെറ്റോ അറിയിച്ചു.

കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനു ഭീഷണിയും അറബിക്കടലിലെ മത്സ്യസമ്പത്തിന്റെ നശീകരണത്തിനു കാരണവുമാകുന്ന ഷിപ്പിങ് ഡയറക്ടർ ജനറലിന്റെ ഉത്തരവ് റദ്ദാക്കണം. കൊല്ലം പരപ്പിനെയും കന്യാകുമാരി ജില്ലയിലെ വാഡ്ജ് പരപ്പിനെയും ഒഴിവാക്കി പുതിയ കപ്പൽ ഇടനാഴി രൂപപ്പെടുത്തണമെന്നും ഫ്രാൻസിസ് ജെ.നെറ്റോ ആവശ്യപ്പെട്ടു.