കൊല്ലം : ട്രെയിനിടിച്ച് പരിക്കേറ്റ തെരുവുനായയ്ക്ക് സാന്ത്വനമായി പോലീസും ഡോക്ടർമാരും. കൊല്ലം സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിനു മുന്നിൽ വ്യാഴാഴ്ച രാവിലെ 10.30-ന് നേത്രാവതി എക്സ്‌പ്രസ്‌ കൊല്ലത്തേക്ക്‌ എത്തുമ്പോഴായിരുന്നു അപകടം. പാഞ്ഞുവന്ന ട്രെയിനിനു മുന്നിൽനിന്ന് ഓടിമാറാൻ ശ്രമിച്ചെങ്കിലും നായയുടെ കാലുകൾ രണ്ടും െട്രയിനിനടിയിൽപെട്ട് അറ്റുപോയി.

ആഹാരം കൊടുത്തു പരിപാലിച്ചിരുന്ന കടയുടമ അറിയിച്ചതിനെത്തുടർന്ന് സിറ്റി പോലീസാണ് ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ സഹായം തേടിയത്. ഇവിടെനിന്ന്‌ എസ്.പി.സി.എ.ആംബുലൻസിലെത്തിയ മെഡിക്കൽ സംഘത്തോട് ആദ്യം ക്രൗര്യം കാണിച്ചെങ്കിലും അനസ്തേഷ്യ നൽകി നായയ്ക്ക് പ്രഥമശുശ്രൂഷകൾ നൽകി. തുടർന്ന് ശസ്ത്രക്രിയകൾക്കും തുടർനിരീക്ഷണത്തിനുമായി വെറ്ററിനറി കേന്ദ്രത്തിലേക്ക്‌ എത്തിച്ചു.

മുൻകാലുകളുടെ മുട്ടുകൾ മുകളിൽവെച്ച് മുറിച്ചുമാറ്റിയെങ്കിലും തലയ്ക്കും ആന്തരികാവയവങ്ങൾക്കും ക്ഷതമുള്ളതായി എക്സ്‌റേ പരിശോധനയിൽ കണ്ടെത്തി. നായയെ എമർജൻസി ട്രോമാകെയർ യൂണിറ്റിൽ 24 മണിക്കൂർ നിരീക്ഷണത്തിലാക്കി.

സീനിയർ വെറ്ററിനറി സർജൻമാരായ ഡോ. ഡി.ഷൈൻകുമാർ, ഡോ. ബി.അജിത് ബാബു, ട്രാഫിക് സബ് ഇൻസ്പെക്ടർ ടി.പ്രദീപ്., ജില്ലാ ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ എച്ച്.ഷാനവാസ്, ഡോ. നിജിൻ ജോസ്, സീനിയർ ഇൻസ്പെക്ടർ എസ്.റിജു എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.