കൊല്ലം : നീരാവിൽ നവോദയം ഗ്രാമീണ ഗ്രന്ഥശാലയുടെ 70-ാം ജന്മവാർഷികദിനാഘോഷം 70 മൺചെരാതുകളിൽ ദീപംതെളിച്ച് ആഘോഷിക്കും.

ഓഗസ്റ്റ് ഒന്നിന് വൈകീട്ട് 6.30-ന് ഗ്രന്ഥശാലാമുറ്റത്തെ കൽവിളക്കിൽ ഗ്രാമദീപം തെളിക്കുന്നതിനൊപ്പം ബഹുനില ആസ്ഥാനമന്ദിരത്തിന്റെ പൂമുഖപ്പടികളിലും ദീപം തെളിയും. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് വിപുലമായി നടത്താനിരുന്ന വാർഷികാഘോഷം മാറ്റിവയ്ക്കുകയായിരുന്നു.

1950 ഓഗസ്റ്റ് ഒന്നിനാണ് ഒരുസംഘം യുവാക്കൾ തൃക്കടവൂർ-നീരാവിൽ ഗ്രാമത്തിൽ ഗ്രന്ഥശാല തുടങ്ങിയത്. വൈദ്യകലാനിധി കെ.പി.കരുണാകരൻ വൈദ്യരായിരുന്നു പ്രസിഡന്റ്. കെ.സുലൈമാൻ സെക്രട്ടറിയും.

പി.കാർത്തികേയനാശാൻ ദാനമായി നൽകിയ മൂന്ന് സെന്റ് സ്ഥലത്ത് വർഷങ്ങളിലൂടെ ഗ്രന്ഥശാലാപ്രവർത്തകർ നിർമിച്ചതാണ് ബഹുനിലകളിലുള്ള ആസ്ഥാനമന്ദിരം.

വിവിധ വിഭാഗങ്ങളിലുള്ള 26000ത്തോളം പുസ്തകങ്ങളും എഴുനൂറിലേറെ അംഗങ്ങളുമുള്ള ഗ്രന്ഥശാലയ്ക്ക് അനുബന്ധമായി ബാലവേദി, കായിക-കലാസമിതി, വനിതാവേദി, ഫിലിം ക്ലബ്ബ് തുടങ്ങിയവ പ്രവർത്തിക്കുന്നുണ്ട്.

കവി തിരുനല്ലൂർ കരുണാകരൻ, ചിത്രകാരൻ പാരീസ് വിശ്വനാഥൻ എന്നിവരുടെ ആദ്യകാല പ്രവർത്തനരംഗംകൂടിയായിരുന്നു ഗ്രന്ഥശാല. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ മികച്ച സാംസ്കാരിക പ്രവർത്തനത്തിനുള്ള സമാധാനം വി.പരമേശ്വരൻ അവാർഡ്, സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇ.എം.എസ്. പുരസ്കാരം, സാന്ത്വനപ്രവർത്തനത്തിനുള്ള പ്രത്യേക ക്യാഷ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

മികച്ച ഗ്രന്ഥശാലയ്ക്ക് ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ പ്രഥമ പുത്തൂർ സോമരാജൻ സ്മാരക അവാർഡും നേടിയിട്ടുണ്ട്.