കൊല്ലം : വീട്ടിലെ പാചകവാതക സിലിൻഡർ ചോർന്ന് അടുക്കളയിൽ തീപിടിച്ചു. അടുക്കളയിലുണ്ടായിരുന്ന ഉപകരണങ്ങളും ജനാലയും കത്തി.

അഗ്നിശമന സേനയെത്തി തീകെടുത്തിയതിനാൽ വലിയ അപകടം ഒഴിവായി. തങ്കശ്ശേരി വിപിൻ ഡെയ്ൽ, ജറിൻ ജോൺസണിന്റെ വീടിന്റെ അടുക്കളയിലാണ് പാചകവാതകം ചോർന്ന് തീപിടിച്ചത്. ബുധനാഴ്ച രാത്രി 7.45 ഓടെയാണ് സംഭവം. പാചകവാതകം ചോർന്ന് സ്റ്റൗവിലും സിലിൻഡറിലും തീപിടിച്ചു. തീ പടരുന്നതുകണ്ട് വീട്ടിലുണ്ടായിരുന്നവർ പുറത്തേക്കോടി. ജറിന്റെ വീടിനോടുചേർന്നുതന്നെ നിരവധിവീടുകളാണുള്ളത്. ചാമക്കടയിൽനിന്നുമെത്തിയ അഗ്നിശമനസേന സമയോചിതമായി തീകെടുത്തിയതുമൂലം വൻ അഗ്നിബാധ ഒഴിവാക്കാനായി. അടച്ചിട്ടിരുന്ന അടുക്കളയുടെ ജന്നൽ പൊട്ടിച്ച് വെള്ളം പമ്പുചെയ്താണ് സേന തീകെടുത്തിയത്. അടുക്കളയിലുണ്ടായിരുന്ന പാത്രങ്ങളും മറ്റ് ഉപകരണങ്ങളും കത്തിനശിച്ചു.

ഫയർ ഓഫീസർമാരായ രഞ്ജിത്ത്, രതീഷ്, ആദർശ്, അജീഷ്, ഷാജഹാൻ എന്നിവരടങ്ങിയ അഗ്നിശമന സംഘമാണ് തീകെടുത്തിയത്.