കൊല്ലം : വിൽപ്പനയ്ക്കായി എത്തിച്ച മീൻ പോലീസ്‌ പിടികൂടി നശിപ്പിച്ചു. ലോറി ഡ്രൈവർക്കെതിരേ േകസെടുത്തു.

ചൊവ്വാഴ്ച രാത്രി പട്രോളിങ്ങിനിടെയാണ്‌ കൊല്ലം വെസ്റ്റ്‌ പോലീസ്‌ തങ്കശ്ശേരി കാവൽ ജങ്‌ഷന് സമീപത്തുനിന്ന്‌ മീൻലോറി പിടികൂടിയത്‌. 33 പെട്ടി മീനാണ്‌ ലോറിയിൽ ഉണ്ടായിരുന്നത്‌. പൊന്നാനിയിൽനിന്ന്‌ എത്തിച്ച മീനാണിതെന്ന്‌ ലോറി ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്‌. നിരോധനം ലംഘിച്ച്‌, വിൽപ്പനയ്ക്ക്‌ മീൻ എത്തിച്ചതിന്‌ ലോറി ഡ്രൈവർ ചവറ നിസാംമൻസിലിൽ നിസാമി(38)നെതിരേ കേസെടുത്തു. മീൻ, കോർപ്പറേഷൻ അധികൃതരുടെ സഹായത്തോടെ കന്റോൺമെന്റ്‌ മൈതാനത്ത്‌ കുഴിച്ചുമൂടി.

വെസ്റ്റ്‌ സി.ഐ. രമേശ്‌, എസ്‌.ഐ. എസ്‌.ഷൈൻ, സുരേഷ്‌ കുമാർ, ഷെമീർ എന്നിവരാണ്‌ പോലീസ്‌ സംഘത്തിലുണ്ടായിരുന്നത്‌.