കൊല്ലം : ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കശുവണ്ടി ഫാക്ടറികൾ തുറക്കുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. ജില്ലയിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഫാക്ടറി മാനേജ്‌മെന്റുകൾ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കണം. കണ്ടെയ്‌ൻമെന്റ് സോൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കടകൾ രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ പ്രവർത്തിക്കാം. പ്ലസ് വൺ പ്രവേശനം, ലൈഫ് മിഷൻ അപേക്ഷ എന്നിവ പരിഗണിച്ച് അക്ഷയ സെന്ററുകൾ തുറക്കാം. സാമൂഹിക അകലം പാലിക്കണം തിരക്ക് ഒഴിവാക്കണം മന്ത്രി നിർദേശിച്ചു.

ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ കൂടുതൽ ഇളവുകൾ വരുത്തും. 12 പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിലായി 1706 കിടക്കകൾ തയ്യാറായതായി യോഗത്തിൽ അറിയിപ്പുണ്ടായി. തയ്യാറാക്കുന്ന കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ ജനപ്രതിനിധികൾ വിലയിരുത്തണമെന്ന് മന്ത്രി കെ.രാജു നിർദേശിച്ചു. ജനപ്രതിനിധികൾ, ജില്ലാ കളക്ടർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കാഷ്യൂ കോർപ്പറേഷൻ 1000 തൊഴിലാളികളെ പുതിയതായി ജോലിക്കെടുക്കും

കൊല്ലം : കാഷ്യൂ കോർപ്പറേഷനിൽ 1000 തൊഴിലാളികളെ പുതിയതായി നിയമിക്കാൻ കാഷ്യൂ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചതായി ചെയർമാൻ ട.ജയമോഹനും മാനേജിങ്‌ ഡയറക്ടർ ഡോ. രാജേഷ് രാമകൃഷ്ണനും അറിയിച്ചു. ഇടതുമുന്നണി സർക്കാർ വന്നതിനുശേഷം പുതിയതായി 5000 ത്തോളം തൊഴിലാളികൾക്ക് നിയമനം നൽകി. ഷെല്ലിങ്ങിൽ കട്ടിങ്‌ തൊഴിലാളികളെയാണ് പുതിയതായി എടുക്കുക. പീലിങ്‌, ഗ്രേഡിങ്‌ തൊഴിലാളികളെയും പാരിറ്റി അനുസരിച്ച് എടുക്കാനാണ് തീരുമാനം. ഓഗസ്റ്റ് ഒന്നുമുതൽ 10 വരെ അതാത് ഫാക്ടറികളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.