കൊല്ലം : പാർലമെൻറ് മണ്ഡലത്തിൽ നടക്കുന്ന സർക്കാർ പരിപാടികളിൽനിന്ന്‌ കൊല്ലം എം.പി. എൻ.കെ.പ്രേമചന്ദ്രനെ ബോധപൂർവം ഒഴിവാക്കുന്നുവെന്ന് ആർ.എസ്.പി. ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ ആരോപിച്ചു.

മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ അറിവോടുകൂടിയാണ് കളക്ടർ ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ബുധനാഴ്ച ഉദ്ഘാടനംചെയ്ത ആർ ആൻഡ്‌ പി.സി.ആർ. ലാബിന്‍റെയും ആധുനികരീതിയിലുള്ള കോവിഡ് ഐ.സി.യു.വിന്‍റെയും ഉദ്ഘാടനത്തിന്‌ പാർലമെൻറ് മെമ്പറെ ക്ഷണിക്കാതെയാണ് പരിപാടി നടത്തിയത്. ഇത് പ്രോട്ടോക്കോൾ ലംഘനമാണ്.

പാരിപ്പള്ളി മെഡിക്കൽ കോളേജിന് അംഗീകാരം ലഭിക്കുന്നതിനുവേണ്ടി എം.പി.യുടെ പങ്കെന്തായിരുന്നുവെന്ന് കളക്ടർക്ക് അറിയില്ല. എം.പി.യാണ് കോവിഡ് ആരംഭത്തിൽത്തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് വികസനത്തിന് തുക അനുവദിച്ചതെന്ന കാര്യം കളക്ടർക്ക് ഓർമ്മയില്ലെന്നും കെ.എസ്.വേണുഗോപാൽ ആരോപിച്ചു.