കൊല്ലം : എറണാകുളത്തുള്ള ഒരു സ്വകാര്യ ടെലികോം കമ്പനിയിലെ ഡ്രൈവറുടെ സഹായത്തോടെ കഞ്ചാവ് കടത്തിയ ആൾ പിടിയിൽ. കരുനാഗപ്പള്ളി കുറ്റിവട്ടം പനയന്നാർകാവ് അമ്പലത്തിനുസമീപം രേവതി ഹൗസിൽ നിഥിനെ(30)യാണ്‌ കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്.  ഗൾഫിലായിരുന്ന നിഥിൻ അവധിക്ക് നാട്ടിൽ വന്നിട്ട് കോവിഡ് നിയന്ത്രണങ്ങൾ കാരണം തിരികെ പോകാൻ പറ്റാത്തതിനാൽ അടുത്ത ബന്ധുവുമായി ചേർന്ന് കഞ്ചാവ് കച്ചവടം ആരംഭിക്കുകയായിരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. നിഥിന്റെ വളരെ അടുത്ത ബന്ധുവായ ചാമ്പക്കടവ്‌ ഭാഗത്തുള്ള ഒരാൾ എറണാകുളത്തുനിന്ന്‌ രണ്ടുദിവസംമുമ്പ് കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് നിഥിനെ വില്പനയ്ക്കായി എൽപ്പിച്ചത്.

കരുനാഗപ്പള്ളി സ്വദേശിക്ക് കഞ്ചാവ് കൊടുക്കുന്നതിനായി കാത്തുനിൽക്കുമ്പോഴാണ് ഇയാൾ എക്സൈസിന്റെ പിടിയിലായത്. ചാമ്പക്കടവ് സ്വദേശിയായ ഉണ്ണിക്കുട്ടൻ എന്നു വിളിക്കുന്ന അഖിൽകുമാറിനായി അന്വേഷണം ഊർജിതമാക്കി. ഒരുകിലോ കഞ്ചാവ് വിറ്റുകൊടുത്താൽ 10,000 രൂപ കമ്മിഷനായി നൽകാമെന്ന് ഉണ്ണിക്കുട്ടൻ വാഗ്ദാനം ചെയ്തിരുന്നതായി നിഥിൻ എക്സൈസിനോട് പറഞ്ഞു.

എക്സൈസ് ഇൻസ്പെക്ടർ ടി.രാജീവ്, പ്രിവന്റീവ് ഓഫീസർ ശ്യാംകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത്, വിഷ്ണു, നഹാസ്, കബീർ, ഗോപകുമാർ, മനു എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതി റിമാൻഡ്‌ ചെയ്തു.