കൊല്ലം : നഗരത്തിൽ രണ്ടിടങ്ങളിലായി ചൊവ്വാഴ്ചയുണ്ടായ ബൈക്കപകടങ്ങളിൽ മൂന്നുപേർക്ക് പരിക്കേറ്റു. ബൈപ്പാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കുരീപ്പുഴ സ്വദേശി അജിത്കുമാർ (42), വിഷ്ണു (27) എന്നിവർക്കാണ് പരിക്കേറ്റത്. നീരാവിൽ പാലത്തിനുസമീപം ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ചാറ്റൽമഴയത്ത് തെന്നിയാണ് അപകടം നടന്നത്. ചൊവ്വാഴ്ച രാത്രി 8.30-ഓടെ ദേശീയപാതയിൽ കന്റോൺമെന്റ് മൈതാനത്തിനു സമീപം നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് രണ്ടാമത്തെ അപകടം. ശ്രീനാരായണപുരം സ്വദേശി റിജു(22)വിനാണ് പരിക്കേറ്റ‌ത്. റെയിൽവേ മേൽപ്പാലത്തിനു താഴെയാണ് റിജുവിന്റെ ബൈക്ക് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ റിജുവിനെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.