കൊല്ലം : ജില്ലയിൽ കോവിഡ് പ്രതിരോധത്തിന് മുൻനിരയിൽ നിൽക്കുന്ന ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും സ്വന്തം സുരക്ഷയും ജാഗ്രതയും വർധിപ്പിക്കണമെന്ന് കളക്ടർ ബി.അബ്ദുൾ നാസർ നിർദേശിച്ചു.

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കൂടിയ ഉന്നതതല യോഗത്തിലാണ് നിർദേശം. ജില്ലയിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് യോഗം വിലയിരുത്തി. നിലവിൽ പത്ത് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ ചികിത്സ നടന്നുവരുന്നു.

16 കേന്ദ്രങ്ങൾ ജീവനക്കാരെ നിയമിച്ച് സജ്ജമായിവരുന്നു. ജില്ലാ ആശുപത്രിയിൽ ഡയാലിസിസ്, കാൻസർ ചികിത്സ, അത്യാഹിത വിഭാഗം എന്നിവ പ്രവർത്തനസജ്ജമാണ്. കൊല്ലം മാർക്കറ്റ് കേന്ദ്രീകരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി.