കൊല്ലം : 2012-ലെ കടൽക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയൻ നാവികരെ വിചാരണ ചെയ്യാൻ ഇന്ത്യയ്ക്ക് അധികാരമില്ലെന്ന അന്താരാഷ്ട്ര ട്രിബ്യൂണൽ വിധി അംഗീകരിച്ച ബി.ജെ.പി. സർക്കാരിന്റെ നയം കൊടും ക്രൂരതയാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എസ്.സുദേവൻ.

ഇറ്റാലിയൻ നാവികർക്കെതിരേ ഇന്ത്യയിലുള്ള ക്രിമിനൽ നടപടികൾ അവസാനിപ്പിക്കണമെന്ന കാര്യം പറഞ്ഞ് സുപ്രീം കോടതിയിലെ കേസ് തീർപ്പാക്കണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നു. കേസ് നടത്തിപ്പിൽ കേന്ദ്രസർക്കാരിനുണ്ടായ വീഴ്ചയാണ് ഇത്തരമൊരു വിധിക്ക്‌ കാരണം.

ഇറ്റാലിയൻ നാവികർക്ക് മാതൃകാപരമായ ശിക്ഷ നൽകുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്രസർക്കാരിന് ബാധ്യതയുണ്ടെന്നും സുദേവൻ പ്രസ്താവനയിൽ പറഞ്ഞു. ഇപ്പോഴത്തെ വിധി പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാർ ശക്തമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.