കൊല്ലം : പ്രവേശനോത്സവവും കളികളും കൂട്ടക്കരച്ചിലുമില്ലാതെ പുതിയ അധ്യയനവർഷം തുടങ്ങി. രാവിലെ എട്ടരയ്ക്ക് വിദ്യാഭ്യാസവകുപ്പിന്റെ ‘കൈറ്റ് വിക്ടേഴ്സ്’ ചാനലിലൂടെയാണ് പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ക്ലാസുകൾക്ക് തുടക്കമായത്. കൗതുകത്തോടെയാണ് വീട്ടിലെ ടി.വി.ക്ക്‌ മുന്നിലിരുന്ന് കുട്ടികൾ ക്ലാസുകൾ കേട്ടത്.

പ്രത്യേക സോഫ്റ്റ്‌വേറുകളിലൂടെ കോളേജ് വിദ്യാർഥികൾക്കും ക്ലാസുകൾ ആരംഭിച്ചു. സ്വകാര്യ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്കൂളുകൾ എൽ.കെ.ജി. മുതൽ പ്ലസ്ടുവരെയുള്ള കുട്ടികൾക്കായി പ്രത്യേക സോഫ്റ്റ്‌വേറിന്റെ സഹായത്തോടെ ക്ലാസുകൾ തുടങ്ങി. ചില സ്വകാര്യ സ്കൂളുകൾ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ക്ലാസുകളുടെ വീഡിയോ ദൃശ്യങ്ങൾ ലഭ്യമാക്കി.

‘കൈറ്റ് വിക്ടേഴ്സ്’ ചാനലിൽ രാവിലെ 8.30 മുതൽ 10.30 വരെ പ്ലസ്ടു വിദ്യാർഥികളുടെ ഇംഗ്ലീഷ്, ജ്യോഗ്രഫി, കണക്ക്, കെമിസ്ട്രി ക്ലാസുകളായിരുന്നു. 10.30-നാണ് ഒന്നാംക്ലാസുകാരുടെ ക്ലാസ് തുടങ്ങിയത്. 11 മുതൽ വൈകീട്ട് 5.30 വരെ ഒൻപതുമുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളുടെ വിവിധ വിഷയങ്ങളിലെ ക്ലാസുകൾ നടന്നു. ചിലയിടങ്ങളിൽ വൈദ്യുതി തകരാർമൂലം കുട്ടികൾക്ക്‌ ക്ലാസ്‌ ലഭിച്ചില്ല.

വൈകീട്ട് ഏഴുമുതൽ ഒൻപതുവരെ രാവിലെ നടത്തിയ പ്ലസ്ടു ക്ലാസുകൾ പുനഃസംപ്രേഷണം ചെയ്തു.

ശനി, ഞായർ ദിവസങ്ങളിൽ അവധിയാണെങ്കിലും ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികൾക്കായി പാഠഭാഗങ്ങൾ പുനഃസംപ്രേഷണം ചെയ്യും. വിക്ടേഴ്സ് ചാനൽ ഫെയ്‌സ്ബുക്കിലൂടെയും മൊബൈൽ ഓൺലൈനിലൂടെയും ലഭ്യമായിരുന്നു.

ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കോളേജുകളിലും സാങ്കേതിക സ്ഥാപനങ്ങളിലും സൂം, ഗൂഗിൾ ക്ലാസ് റൂം, ഗൂഗിൾ മീറ്റ്, മൈക്രോസോഫ്‌റ്റ്‌ ടീം തുടങ്ങിയ സോഫ്റ്റ്‌വേറുകൾ ഉപയോഗിച്ചാണ് ക്ലാസുകൾ നടത്തിയത്. ക്ലാസുകൾ റെക്കോഡ് ചെയ്ത് വെബ്സൈറ്റുകൾവഴിയും കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ട്.