പുനലൂർ : സർവകലാശാലകളിലെയും കോളേജുകളിലെയും വിദ്യാർഥി യൂണിയനുകൾ ട്രേഡ് യൂണിയനുകളല്ലെന്നും ഭരണഘടന അനുശാസിക്കുന്ന ചുമതലകൾ നിർവഹിക്കാനുള്ള ഉത്തരവാദിത്വം വിദ്യാർഥികൾക്കുണ്ടെന്നും സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. മികച്ച വ്യക്തിത്വവും മറ്റുള്ളവരുമായി സംവദിക്കാനുള്ള കഴിവും പകരുന്ന വിദ്യാഭ്യാസം ക്ലാസ്‌മുറികളിൽ നൽകുകയെന്നതാണ് സർവകലാശാലകളുടെയും കലാലയങ്ങളുടെയും കടമയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുനലൂർ ശ്രീനാരായണ കോളേജിന്റെ കനകജൂബിലി ആഘോഷങ്ങളുടെ സമാപനവും ജൂബിലിമന്ദിരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസമാണ് നമ്മെ സ്വതന്ത്രമാക്കുന്ന ഏറ്റവും വലിയ ശക്തി. അറിവില്ലായ്മയുടെ ഇരുട്ടിൽനിന്ന് നമ്മെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്നത് വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുകയെന്നതാണ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാനും നിലനിർത്താനുമുള്ള മാർഗം. മാനേജുമെന്റുകൾക്കാണ് ഇതിന്റെ ചുമതല. ജീവിതത്തിൽ വിജയിക്കാനും തൊഴിൽ ലഭിക്കാനും ഉതകുന്ന നൈപുണ്യത്തോടെയാണ് വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്ന് കുട്ടികൾ പുറത്തിറങ്ങുന്നതെന്ന് മാനേജ്‌മെന്റുകൾ ഉറപ്പുവരുത്തണം. പ്രായോഗിക പരിജ്ഞാനത്തിൽ ഊന്നൽ നൽകുന്നതോടൊപ്പം പാരിസ്ഥിതിക ബോധംകൂടി കുട്ടികളിൽ വളർത്തണം. മനുഷ്യന്റെ പുരോഗതിക്കാകണം നാം എപ്പോഴും പ്രാധാന്യം നൽകേണ്ടത്. മാറ്റത്തെ നാം സ്വാഗതം ചെയ്യണം. പക്ഷേ ആ മാറ്റം ഒരിക്കലും സമൂഹത്തെ ഭിന്നിപ്പിക്കുന്നതാവരുത്-ഗവർണർ പറഞ്ഞു.
മനുഷ്യന്റെ പുരോഗതിക്ക് പ്രേരകമായ വഴി കാണിച്ചുതന്നയാളാണ് കേരളത്തിന്റെ നവോത്ഥാന നായകൻ ശ്രീനാരായണഗുരു. ഗുരുവിന്റെ മഹത്തായ കാഴ്ചപ്പാടുകൾ യാഥാർഥ്യമാക്കാൻ നാം ശ്രമിക്കണമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
കോളേജ് മാനേജർ വെള്ളാപ്പള്ളി നടേശൻ അധ്യക്ഷനായി. മന്ത്രി കെ.രാജു, പുനലൂർ നഗരസഭാ ചെയർമാൻ കെ.രാജശേഖരൻ, എസ്.എൻ.ട്രസ്റ്റിന്റെ പുനലൂർ റീജണൽ െഡവലപ്മെന്റ് കമ്മിറ്റി ചെയർമാൻ ടി.കെ.സുന്ദരേശൻ, കൺവീനർ കെ.സുരേഷ്‌കുമാർ, കോളേജ് പ്രിൻസിപ്പൽ ഡോ. ടി.പ്രദീപ് എന്നിവർ സംസാരിച്ചു.