കൊല്ലം : പൊതുവിപണയിൽ സവാളയുടെ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ കളക്ടർ ബി.അബ്ദുൾ നാസർ വ്യാപാരസ്ഥാപനങ്ങളിൽ മിന്നൽപ്പരിശോധന നടത്തി. ചാമക്കടയിൽ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കളക്ടർ പരിശോധനയ്ക്കെത്തിയത്. സവാളയ്ക്ക് കിലോഗ്രാമിന് 145 മതുൽ 155 രൂപവരെയായിരുന്നു വില. സവാള മൊത്തമായി വാങ്ങുമ്പോഴുള്ള ബില്ലുമായി വിപണിവില ഒത്തുനോക്കിയ കളക്ടർ ഗോഡൗണുകളിലും പരിശോധന നടത്തി. പൂഴ്‌ത്തവയ്പ് തടയുന്നതിന്റെ ഭാഗമായി സ്റ്റോക്കുകളുടെ തൂക്കവും കണക്കുകളുടെ വിവരങ്ങളും ശേഖരിച്ചു.
തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും സവാള എത്തുന്നത്. മൊത്തമായി എത്തുന്ന സ്റ്റോക്കുകളുടെ കൃത്യമായ വിവരങ്ങൾ സൂക്ഷിക്കണമെന്നും ആവശ്യപ്പെടുമ്പോൾ ഹാജരാക്കണമെന്നും കളക്ടർ വ്യാപാരികളോട് പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്നും ആവശ്യമെങ്കിൽ ലീഗൽ മെട്രോളജി, ഭക്ഷ്യസിവിൽ സപ്ലൈസ്, ഫുഡ് സേഫ്റ്റി വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തുമെന്നും കളക്ടർ പറഞ്ഞു.
ജില്ലാ സപ്ലൈ ഓഫീസർ അനിൽരാജ്, താലൂക്ക് സപ്ലൈ ഓഫീസർ അനിൽകുമാർ, ലീഗൽ മെട്രോളജി വകുപ്പ് സീനിയർ ഇൻസ്പെക്ടർ സാന്ദ്ര ജോൺ, ഇൻസ്പെക്ടർ അലക്സാണ്ടർ തുടങ്ങിയവർ പരിശോധകസംഘത്തിൽ ഉണ്ടായിരുന്നു.