കൊല്ലം : കോർപ്പറേഷന്റെ മെയിൻ ഓഫീസിലും സോണൽ ഓഫീസുകളിലും ശനിയാഴ്ച വിജിലൻസ് മിന്നൽപ്പരിശോധന നടത്തി. ഓഫീസുകളിൽ കെട്ടിടനിർമാണാനുമതിക്കായി ഏപ്രിൽ മുതലുള്ള 528 അപേക്ഷകൾ കെട്ടിക്കിടക്കുന്നതായി കണ്ടെത്തി. ഇതിൽ 272 അപേക്ഷകൾ സേവനാവകാശ നിയമത്തിന്റെ പരിധി കഴിഞ്ഞവയാണ്.
പരിശോധനയിൽ കോർപ്പറേഷൻ മെയിൻ ഓഫീസിൽ 176 അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. അതിൽ 45 എണ്ണം സേവനാവകാശനിയമത്തിന്റെ പരിധി കഴിഞ്ഞവയാണ്. പല അപേക്ഷകളിലും നോട്ടീസ് കൊടുത്ത് അപേക്ഷ നിരസിച്ചു. ബിൽഡിങ് ആപ്ലിക്കേഷൻ രജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. സർട്ടിഫിക്കറ്റിനായി ലഭിച്ച അപേക്ഷകളിൽ 25 എണ്ണം പരിഹരിച്ചിട്ടില്ല.
ശക്തികുളങ്ങര സോണൽ ഓഫീസിൽ 113 അപേക്ഷകൾ കെട്ടിക്കിടക്കുന്നു. 45 എണ്ണം സേവനാവകാശനിയമത്തിന്റെ പരിധി കഴിഞ്ഞവയാണ്. തൃക്കരുവ സോണൽ ഓഫീസിൽ 2019 ജനവരി ഒന്നുമുതൽ ഡിസംബർ മൂന്നുവരെ കെട്ടിടനിർമാണ അനുമതിക്കായി ലഭിച്ച അപേക്ഷകളിൽ 96 എണ്ണം കെട്ടിക്കിടക്കുകയാണ്. 53 എണ്ണം സേവനാവകാശനിയമപരിധി കഴിഞ്ഞവയും. 10 അപേക്ഷകൾ കാണാനില്ല. അപേക്ഷകളിലെ ന്യൂനതകൾ പരിഹരിക്കുന്നതിനുള്ള വിവരം അപേക്ഷകരെ അറിയിക്കാതെ സൂക്ഷിക്കുകയാണ്. അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കുന്ന ഐ.ബി.പി.എം.എസ്. സോഫ്റ്റ്്വേർ ഐ.ടി. ഓഫീസറെ നിയമിച്ചിട്ടില്ല.
വടക്കേവിള സോണൽ ഓഫീസിൽ ഒരു ഓവർസിയർ നവംബറിൽ എല്ലാദിവസവും ഡിസംബറിൽ നാലുദിവസവും ഡ്യൂട്ടിയിൽനിന്ന് അനധികൃതമായി മാറിനിൽക്കുന്നു. സൂപ്രണ്ടിങ് എൻജിനീയർ ഓവർസിയർക്ക് ഒരു മെമ്മോ മാത്രമെ നൽകിയിട്ടുള്ളൂ.
ഇരവിപുരം സോണൽ ഓഫീസിൽ 129 അപേക്ഷകൾ കെട്ടിക്കിടക്കുന്നു. കെട്ടിക്കിടക്കുന്ന എല്ലാ അപേക്ഷകളും സേവനാവകാശപരിധി കഴിഞ്ഞവയാണ്.
കോർപ്പറേഷൻ ഓഫീസിലെയും സോണൽ ഓഫീസുകളിലെയും കെട്ടിക്കിടക്കുന്ന എല്ലാ ഫയലുകളും വരുംദിവസങ്ങളിൽ പരിശോധിച്ച് അപേക്ഷകരെ നേരിട്ടുകണ്ട് അന്വേഷിക്കുമെന്നും വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അശോകകുമാർ കെ. പറഞ്ഞു. സേവനാവകാശനിയമപ്രകാരം നിശ്ചിതദിവസം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതെ െവച്ചിരുന്ന ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കുന്നതിലേക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരിശോധനയിൽ പോലീസ് ഇൻസ്പെക്ടർമാരായ വി.ആർ.രവികുമാർ, അജയ്നാഥ്, അൽജബാർ, സുധീഷ് വി.പി., രാജേഷ് എൻ., ശാസ്താംകോട്ട ഇറിഗേഷൻ സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർ ആർഷ നാഥ് പി.ആർ., ചാത്തന്നൂർ ചൈൽഡ് ഡെവലപ്മെന്റ് ഓഫീസർ രഞ്ജിനി എൽ. തുടങ്ങിയവർ പങ്കെടുത്തു.