കൊല്ലം : പ്രതിരോധസേനകളിൽ ചേരാൻ ഇനി അവസരം ലഭിച്ചാലും സ്വീകരിക്കുമെന്നും അത് എക്കാലത്തെയും വലിയ സ്വപ്നമാണെന്നും കളക്ടർ ബി.അബ്ദുൾ നാസർ. ജില്ലാ സൈനികക്ഷേമവകുപ്പിന്റെ സായുധസേനാ പതാകദിന പരിപാടികൾ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1988-ൽ എയർഫോഴ്‌സിന്റെ എയർമാൻ തസ്തികയിലേക്കുള്ള പരീക്ഷകളിലും അഭിമുഖത്തിലും ഉയർന്ന മാർക്ക് ലഭിച്ചു. മെഡിക്കൽ ടെസ്റ്റിൽ വിജയിച്ചില്ല. തലശ്ശേരിയിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റായിരിക്കെ വീണ്ടും ശ്രമിച്ചെങ്കിലും നടന്നില്ല.
സിവിൽ സർവീസിലുള്ള ഒരാൾ സേനയിൽ ചേരുന്നത് എന്തിനാണെന്ന് ഇന്റർവ്യൂ ചെയ്ത ഓഫീസർ ചോദിച്ചിരുന്നു. സേനയുടെ യൂണിഫോമിനോടുള്ള അഭിനിവേശം അത്ര തീവ്രമാണെന്നാണ് മറുപടി നൽകിയത്-കളക്ടർ പറഞ്ഞു.
ജില്ലാ സൈനികക്ഷേമ ബോർഡ് വൈസ് പ്രസിഡന്റ് റിട്ട. ലഫ്. കേണൽ പി.വിശ്വനാഥൻ അധ്യക്ഷനായി. സായുധസേനാ പതാകനിധി ചെയർമാൻകൂടിയായ കളക്ടർ എൻ.സി.സി. കേഡറ്റുകളിൽനിന്ന് ആദ്യപതാക സ്വീകരിച്ച് പതാകനിധിയിലേക്ക് സംഭാവന നൽകി.
എൻ.സി.സി. നേവൽ യൂണിറ്റ് കമാൻഡിങ് ഓഫീസർ ക്യാപ്റ്റൻ മനോജ് ആനന്ദ്, ജില്ലാ സൈനികക്ഷേമ ഓഫീസർ എം.ഉഫൈസുദ്ദീൻ, എക്സ് സർവീസസ് ലീഗ് സ്റ്റേറ്റ് ട്രഷറർ പി.സതീശ്‌ചന്ദ്രൻ, പൂർവസൈനിക് സേവാപരിഷത്ത് സ്റ്റേറ്റ് ജനറൽ സെക്രട്ടറി മധു വട്ടവിള, എക്സ്-സർവീസ്‌മെൻ ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് ജോർജ് വർഗീസ്, ജില്ലാ സൈനികബോർഡ് അംഗം ദേവരാജൻ, അസിസ്റ്റന്റ് ജില്ലാ സൈനികക്ഷേമ ഓഫീസർ എം.ഷിഹാബുദീൻ തുടങ്ങിയവർ പങ്കെടുത്തു.