
ചവറ : നാലുവയസ്സുവരെ ഓടിക്കളിച്ച ആരതി കൃഷ്ണയ്ക്ക് ഇനി പഴയതുപോലെ ഓടാനും നടക്കാനും കഴിയിെല്ലന്നറിഞ്ഞപ്പോൾ വിധിയെ പഴിക്കാതെ തന്റെ മകളെ മറ്റ് കുട്ടികളെപ്പോലെ വളർത്തിയ മാതാപിതാക്കളാണ് ആരതിയുടെ വിജയത്തിന്റെ ചവിട്ടുപടികൾ.
ചവറ തേവലക്കര പാലയ്ക്കൽ കാർത്തികയിൽ ജി.രാധാകൃഷ്ണന്റെയും ജയയുടെയും മൂത്തമകളായ ആരതി കൃഷ്ണ എല്ലുകൾ പൊടിയുന്ന രോഗത്തോട് മല്ലടിച്ച് ഇന്ന് തേവലക്കര പഞ്ചായത്തിലെ ക്ലാർക്കാണ്. ഏഴുവയസ്സുള്ളപ്പോൾ പരസഹായമില്ലാതെ നടക്കാൻ കഴിയാതായ ആരതിക്ക് എല്ലുകളുടെ ബലക്ഷയമാണ് കാരണമെന്ന് കണ്ടെത്തിയ ഡോക്ടർമാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കയച്ചു.
അപ്പോഴും അക്ഷരങ്ങളെ സ്നേഹിച്ചിരുന്നതിനാൽ രക്ഷിതാക്കൾ മകൾക്ക് പഠിക്കാനായി എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു. മൊട്ടയ്ക്കൽ സർക്കാർ എൽ.പി.സ്കൂൾ, കാവനാട് വെൺകുളങ്ങര സ്കൂൾ, അയ്യൻകോയിക്കൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ആരതിക്ക് തുടർന്ന് സ്കൂളിൽ പോകാൻ കഴിയാതായതോടെ അമ്മ ജയ വീട്ടിലിരുത്തി പഠിപ്പിച്ചു. പത്താംക്ലാസ് പരീക്ഷയിൽ ഡിസ്റ്റിങ്‌ഷനോടെ ജയം.
തുടർന്ന് ഡിഗ്രിവരെ ഫസ്റ്റ്ക്ലാസ് മാർക്കോടെ ജയിച്ചുകയറിയപ്പോൾ സർക്കാർ ജോലിയെന്ന സ്വപ്നവുമായി ആരതി പോയത് പി.എസ്.സി. പരിശീലനത്തിന്. കൂട്ടുകാരുടെ പ്രോത്സാഹനം കൂടിയായപ്പോൾ ആശിച്ചത് ആരതി കൈപ്പിടിയിൽ ഒതുക്കി.
ആദ്യം കൊല്ലത്ത് ജോലിനോക്കിയ ആരതി ഇപ്പോൾ ജന്മനാടായ തേവലക്കര പഞ്ചായത്ത് ഓഫീസിലെത്തുന്നവർക്ക് സുപരിചിതയാണ്. ആദ്യയാത്രകൾ മുച്ചക്രവാഹനത്തിലായിരുന്നു. ഒടുവിൽ ആരതി ബാംഗ്ലൂർ ഡെയ്‌സ് എന്ന മലയാള ചലച്ചിത്രത്തിലെ സാറ ഉപയോഗിക്കുന്ന ഇലക്‌ട്രിക് വീൽച്ചെയറിനായി പരതി. നെറ്റ് പരിശോധിച്ച് തന്റെ യാത്രകൾക്കായി ഇലക്‌ട്രിക് വീൽച്ചെയർ സ്വന്തമാക്കി.
ഇന്ന് ആരതിയുടെ സന്തതസഹചാരിയാണ് ഈ ഇലക്‌ട്രിക് വീൽച്ചെയർ. യാത്രകളിൽ പല അപകടങ്ങളിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ആരതിക്ക് കൂട്ടായി രക്ഷിതാക്കളും സഹോദരി ആതിര കൃഷ്ണനും ഒപ്പമുണ്ട്. ജീവിതം നൽകാൻ മടിച്ചതെല്ലാം കഠിനപ്രയത്നംകൊണ്ട് നേടിയെടുക്കുകയാണ് ആരതി.