കൊല്ലം : പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചെവിയിൽനിന്ന് തലച്ചോറിലേക്ക് വ്യാപിക്കുന്ന രോഗമായ ലാറ്ററൽ സൈനസ് ത്രോംബോസിസ് ബാധിച്ച രോഗിക്ക് ആറുമണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ആദ്യമായാണ് ഈ ശസ്ത്രക്രിയ നടക്കുന്നത്. തമിഴ്നാട് സ്വദേശി മുപ്പത്തിമൂന്നുകാരനായ മയിൽവർണനാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
ഇടതുചെവിയിൽ വർഷങ്ങളായുള്ള പഴുപ്പും തലവേദനയുമായാണ് രോഗി ആശുപത്രിയിലെത്തിയത്. തുടർന്നുള്ള പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇ.എൻ.ടി. വിഭാഗം മേധാവി ഡോ. തുളസീധരൻ എസ്., ഡോ. സലീമ, ഡോ. സന്തോഷ് ജി.എസ്., ഡോ. ബ്യൂട്ടി, ഡോ. ആനന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
കഴിഞ്ഞമാസം ആന്തരകർണത്തെ ബാധിക്കുന്ന രോഗമായ ലാബറിന്തിൻ ഫിസ്റ്റുലയ്ക്കുള്ള സങ്കീർണമായ ശസ്ത്രക്രിയയും ആശുപത്രിയിൽ നടത്തിയിരുന്നു.