കൊല്ലം : ‘സേഫ് കൊല്ലം’ പദ്ധതിക്ക് ഗാന്ധിജയന്തിദിനത്തിൽ തുടക്കമാവും. പ്രകൃതിസുരക്ഷ, റോഡ് സുരക്ഷ, ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, കുട്ടികളുടെ സുരക്ഷ എന്നീ മേഖലകളിൽ ബോധവത്കരണം ലക്ഷ്യമാക്കിയുള്ള പദ്ധതി ബുധനാഴ്ച രാവിലെ എട്ടിന് കൊല്ലം ബീച്ചിലെ റോട്ടറി ഹാളിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുമെന്ന് കളക്ടർ ബി.അബ്ദുൾ നാസർ പത്രസമ്മേളനത്തിൽ അറിയിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, റെസിഡന്റ്‌സ്‌ അസോസിയേഷനുകൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ഹോട്ടൽ ആൻഡ്‌ െറസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികൾ, ക്ലബ്ബുകൾ, ലൈബ്രറികൾ, ഉദ്യോഗസ്ഥർ, പോലീസ്, എക്സൈസ്, എൻ.സി.സി. തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി രൂപവത്കരിക്കുന്ന ചെറുസമിതികൾ മുഖേനയാണ് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നത്. കളക്ടർ വിഭാവനം ചെയ്ത പദ്ധതിയാണിത്.

ബ്രോഷറുകൾ, വീഡിയോ ക്ലിപ്പിങ്ങുകൾ, ഹ്രസ്വചിത്രങ്ങൾ, തെരുവുനാടകങ്ങൾ എന്നിവ ബോധവത്കരണത്തിനായി ഉപയോഗിക്കും. മാസത്തിൽ ഒരുദിവസം ഒരുമണിക്കൂർ വീടുവീടാന്തരം ബോധവത്കരണം നടത്തും. മഹാശുചീകരണ പ്രവർത്തനങ്ങളും ഏറ്റെടുക്കും. വിദ്യാർഥികളിലൂടെ ബോധവത്കരണ നോട്ടീസുകൾ വീടുകളിൽ എത്തിക്കും. ജനപ്രതിനിധികൾ, സന്നദ്ധസംഘടനകൾ, ഉദ്യോഗസ്ഥർ, പോലീസ്, എക്സൈസ് എന്നിവ ഉൾപ്പെടെ, ക്ലാസുകൾക്ക് തടസ്സംവരാത്ത രീതിയിൽ സ്കൂൾ അസോസിയേഷനുകളിലും ബോധവത്കരണം നൽകും. രണ്ടാഴ്ച കഴിയുമ്പോൾ ഉദ്യോഗസ്ഥർ സ്കൂളുകൾ സന്ദർശിച്ച് പദ്ധതിയുടെ പ്രയോജനം വിലയിരുത്തും. വിദ്യാർഥികളെ പദ്ധതിയുടെ ഭാഗമാക്കുന്നതിനായി വിവിധ വിഷയങ്ങളിൽ സ്കൂൾ, കോളേജ് തലങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കും.

വാർഡ് തലത്തിലുള്ള സമിതിയുടെ പ്രവർത്തനത്തിലൂടെ ആറുമാസത്തിനുള്ളിൽ ജനസംഖ്യയുടെ 20 ശതമാനം പേരെ പദ്ധതിയുടെ ഭാഗമാക്കും. തുടർപ്രവർത്തനത്തിലൂടെ മുഴുവൻ ജനങ്ങളെയും പദ്ധതിയുടെ ഭാഗമാക്കി മാതൃകാ ജില്ലയായി മാറ്റുകയാണ് ലക്ഷ്യം. മാസത്തിൽ കുറഞ്ഞത് ഒരുമണിക്കൂർ സേവനസന്നദ്ധരാകുന്നതിന് വൊളന്റിയർമാരായും രജിസ്റ്റർ ചെയ്യാം. ഇതിനായി വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. ജില്ലാതലത്തിലും താലൂക്കുതലത്തിലും കർമപദ്ധതികൾ തയ്യാറാക്കും.

ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പ്രവർത്തനങ്ങളുടെ പ്രതിവാര അവലോകനം നടത്തും. കളക്ടർ എല്ലാമാസവും അവലോകനം നടത്തി ആവശ്യമായ നിർദേശങ്ങൾ നൽകും.

എ.ഡി.എം. പി.ആർ.ഗോപാലകൃഷ്ണൻ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജി.സുധാകരൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.