കൊല്ലം: കൺസെഷൻ നൽകാത്തതിൽ പ്രതിഷേധിച്ച് എസ്.എൻ.വനിതാ കോളേജിലെ വിദ്യാർഥിനികൾ സ്വകാര്യബസ് തടഞ്ഞു. വ്യാഴാഴ്ച ഒന്നിന് കോളേജ് ജങ്‌ഷനിലെത്തിയ സ്വകാര്യ ബസാണ് കോളേജ് യൂണിയൻ ഭാരവാഹികൾ ഉൾപ്പെട്ട വിദ്യാർഥിസംഘം തടഞ്ഞത്.

തങ്കശ്ശേരി തിബേരിയാസ് തീരത്ത് സംഘടിപ്പിച്ച നേതൃത്വപരിശീലന ക്യാമ്പിൽ പങ്കെടുക്കാനായി കോളേജ് ജങ്‌ഷനിൽനിന്ന് വ്യാഴാഴ്ച രാവിലെ സ്വകാര്യ ബസിൽ കയറിയ കോളേജ് ചെയർപേഴ്സൺ സുമിയെയും മറ്റ് കോളേജ് യൂണിയൻ ഭാരവാഹികളെയും കൺസെഷൻ നൽകാതെ ആശുപത്രി ജങ്‌ഷനിൽ ഇറക്കിവിട്ടിരുന്നു. കേരള സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റുഡന്റ് സർവീസസിന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. വിദ്യാർഥിനികൾ മറ്റൊരു സ്വകാര്യബസിൽ കൺസെഷൻ നിരക്കിലാണ് ക്യാമ്പിൽ പങ്കെടുക്കാൻ പോയത്.