traffic blockകൊല്ലം : 42 വർഷത്തെ കാത്തിരിപ്പിനൊടുവിൽ യാഥാർത്ഥ്യമായ കൊല്ലം ബൈപ്പാസ് ആശങ്കകൾ മാത്രമാണ് ആദ്യദിനം ബാക്കിവയ്ക്കുന്നത്. ബൈപ്പാസ്‌ എത്തിയതോടെ കൊല്ലം നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിഞ്ഞെങ്കിലും കല്ലുംതാഴത്തും ബൈപ്പാസിലും കുരുക്ക് രൂക്ഷമായിരിക്കുകയാണ്. ജങ്‌ഷനിൽ സിഗ്നലുകൾ െെകകാര്യം ചെയ്യുന്നതിലെ അശാസ്ത്രീയതയും ബൈപ്പാസിലേക്കുള്ള ഇടറോഡുകളും ഗതാഗതക്കുരുക്ക് ഗുരുതരമാക്കുന്നു.

കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കടപ്പാക്കടമുതൽ കരിക്കോടുവരെയുള്ള ഭാഗത്തും ഉദ്ഘാടനം നടന്ന കൊല്ലം ബൈപ്പാസിലുമാണ് കുരുക്ക് രൂക്ഷം. ബൈപ്പാസിലൂടെ അനിയന്ത്രിതമായെത്തുന്ന വാഹനങ്ങൾ കൊല്ലം-തേനി ദേശീയപാതയിലേക്ക് കടക്കുന്നതോടെ ഗതാഗതം നിശ്ചലമാകുന്ന അവസ്ഥയാണ് നിലവിൽ.

കല്ലുംതാഴം ജങ്‌ഷനിൽ സിഗ്നൽ സംവിധാനം വന്നതോടെ വാഹനങ്ങളുടെ നിര പലപ്പോഴും കരിക്കോടുവരെയും ഇപ്പുറത്ത് കടപ്പാക്കടവരെയും നീളുന്നു. സിഗ്നൽ മാറിയാലും ഇത്രയും വാഹനങ്ങൾക്ക് കടന്നുപോകാനാകാത്ത സ്ഥിതിവിശേഷം നിലനിൽക്കേ ഓരോനിമിഷവും കൂടുതൽ വാഹനങ്ങളെത്തുന്നതോടെ സ്ഥിതി കൂടുതൽ വഷളാകുന്നനിലയാണ്. പ്രതീക്ഷിച്ചതിലുമധികം വാഹനങ്ങളാണ് കൊല്ലം ബൈപ്പാസ്‌വഴി കടന്നുപോകുന്നത്.

അതേസമയം ഇടറോഡുകൾ വഴി ബൈപ്പാസിലേക്കെത്തുന്ന വാഹനങ്ങൾ കൂറ്റൻ ചരക്കുലോറികളുൾപ്പെടെയുള്ള വാഹനങ്ങളുടെ യാത്രയ്ക്ക് പലപ്പോഴും തടസ്സമാകുന്നു. ഇത് ബൈപ്പാസിലും വാഹനങ്ങളുടെ നീണ്ടനിര സൃഷ്ടിക്കുന്നു. ആദ്യദിനം രണ്ട് അപകടങ്ങളാണ് ബൈപ്പാസിൽ നടന്നത്. അതേസമയം കാവനാട്-ചിന്നക്കട-മേവറം റോഡിൽ തിരക്ക് വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്.

Content Highlights: traffic block, kollam bypass