കൊല്ലം : പ്രളയമെടുത്ത ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ ശേഖരിക്കുന്നതിനുവേണ്ടി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തിയ ജാഗ്രതാജാഥയ്ക്ക് കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ വമ്പിച്ച വരവേൽപ്പ് നൽകി.

താലൂക്കിലെ ഗ്രന്ഥശാലകളിൽനിന്ന്‌ സമാഹരിച്ച ഇരുപതിനായിരം പുസ്തകങ്ങൾ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റും ജാഥ ക്യാപ്റ്റനുമായ ഡോ. കെ.വി.കുഞ്ഞികൃഷ്ണൻ ഏറ്റുവാങ്ങി. ഇതുമായി ബന്ധപ്പെട്ട് കൊല്ലം ടി.എം.വർഗീസ് സ്മാരക ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുളവന രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.

ജാഥാ ക്യാപ്റ്റൻ ഡോ. കെ.വി.കുഞ്ഞികൃഷ്ണൻ, ജാഥാമാനേജർ പി.കെ.സുധാകരൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ചവറ കെ.എസ്.പിള്ള, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ എസ്.നാസർ, കെ.എം.ബാബു, ബി.ഹരികൃഷ്ണൻ, മുഞ്ഞിനാട് രാമചന്ദ്രൻ, കീഴാറ്റൂർ അനിയൻ, ജില്ലാ പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ, സെക്രട്ടറി ഡി.സുകേശൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ.അനിൽകുമാർ, താലൂക്ക് സെക്രട്ടറി കെ.ബി.മുരളീകൃഷ്ണൻ, വൈസ് പ്രസിഡന്റ് എ.അബൂബേക്കർ കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.

ജില്ലയിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ സമാഹരിച്ചത് കൊല്ലം താലൂക്കാണ്. കേരളശബ്ദം 1500-ഉം മയ്യനാട് എൽ.ആർ.സി.ലൈബ്രറി 710-ഉം, വെൺപാലക്കര ശാരദാവിലാസിനി ലൈബ്രറി 589-ഉം നീരാവിൽ നവോദയ ഗ്രന്ഥശാല 566-ഉം പുസ്തകങ്ങൾ നൽകി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50,000 രൂപയിൽ കൂടുതൽ സംഭാവന നൽകിയ പട്ടത്താനം നവോദയ ലൈബ്രറി, കടപ്പാക്കട സ്‌പോർട്സ് ക്ലബ്ബ്, പെരുമൺ തണൽ പുസ്തകപ്പുര, നെടുമ്പന സംഗമം ലൈബ്രറി എന്നിവയുടെ ഭാരവാഹികളെ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് പി.കെ.ഗോപൻ അനുമോദിച്ചു.

അഖിലകേരള വായനമത്സരത്തിലെ താലൂക്ക്‌തല വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ വിതരണം ചെയ്തു. അജിത് (സൈന്ധവ ബുക്സ്), കൊല്ലം മധു (യുവമേള പബ്ലിക്കേഷൻസ്), ഉഷാകുമാരി (യുവകലാസാഹിതി) എന്നിവരെ ചടങ്ങിൽ ഡോ. കെ.വി.കുഞ്ഞികൃഷ്ണൻ അനുമോദിച്ചു.