അഞ്ചൽ : കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ ബംഗാൾ സ്വദേശി മണിക് റോയിയുടെ ബന്ധുക്കളെ വനംമന്ത്രി കെ.രാജു സന്ദർശിച്ചു. അഞ്ചൽ പനയഞ്ചേരിയിൽ താമസിക്കുന്ന മണിക്‌ റോയിയുടെ ജ്യേഷ്ഠന്റെ മകന്റെ കുടുംബത്തെയാണ് മന്ത്രി സന്ദർശിച്ചത്.

ബന്ധുക്കൾ മണിക് റോയിയുടെ കുടുംബത്തിലെ സാമ്പത്തികപ്രശ്നങ്ങളെപ്പറ്റി മന്ത്രിയോട് സംസാരിച്ചു. മന്ത്രിസഭായോഗത്തിൽ ചർച്ചചെയ്തശേഷം ധനസഹായം പ്രഖ്യാപിക്കുന്ന കാര്യം അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു.

മന്ത്രിയോടൊപ്പം സി.പി.ഐ. ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ഹരി, ജില്ലാപഞ്ചായത്ത്‌ അംഗം ബിനു കെ.സി., ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഗിരിജ മുരളി, പഞ്ചായത്ത്‌ അംഗം സുനിതകുമാരി, വി.മുരളി, ജയകുമാർ എന്നിവരും ഉണ്ടായിരുന്നു.