കൊല്ലം : രാഷ്ട്രീയ വൈരത്തിന്റെ ഇരയായിരുന്നു എസ്.എഫ്.ഐ. കരുനാഗപ്പള്ളി ഏരിയ ജോയിന്റ് സെക്രട്ടറിയായിരുന്ന ക്ലാപ്പന വടക്ക് കുളങ്ങരേത്തുവീട്ടിൽ അജയപ്രസാദ്. 2007 ജൂലായ് 19-ന്‌ പകൽ 3.30-നാണ് കേസിനാസ്പദമായ സംഭവം. ക്ലാപ്പന സ്കൂളിൽ എസ്.എഫ്.ഐ. യൂണിറ്റ് രൂപവത്കരിച്ചതിനെച്ചൊല്ലിയുള്ള തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്.

ക്ലാപ്പന തോട്ടത്തിൽ ജങ്ഷനിലെ സ്റ്റേഷനറിക്കടയിൽ നിൽക്കുകയായിരുന്ന അജയപ്രസാദിനെ രണ്ട് ബൈക്കുകളിലായെത്തിയ പ്രതികൾ പിടിച്ചിറക്കി വെട്ടിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജയപ്രസാദ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടുത്തദിവസം പുലർച്ചെ 3.20-ന് മരിച്ചു.

പ്രതികൾ ഇരുമ്പുപൈപ്പുകൾ ഉപയോഗിച്ച് അജയപ്രസാദിന്റെ കൈകാലുകൾ അടിച്ചുതകർത്തു. സ്‌ക്രൂഡ്രൈവർകൊണ്ട് ശരീരത്തിന്റെ പലഭാഗത്തും കുത്തുകയും താടിക്ക് ചവിട്ടുകയും ചെയ്തു. കമിഴ്ന്നുവീണുകിടന്ന അജയപ്രസാദിനെ അരയിൽ കെട്ടിയിരുന്ന തോർത്ത് അഴിച്ചെടുത്ത് കഴുത്തിൽ ചുറ്റി നട്ടെല്ലിന് ചവിട്ടി പുറകോട്ട് വലിച്ച് അസ്ഥികൾക്ക് സ്ഥാനചലനം ഉണ്ടാക്കിയതായും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. ദേഹത്ത് 64 മുറിവുകളുണ്ടായിരുന്നു.

2011 ജൂലായ് നാലിനാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ കേസിന്റെ സാക്ഷിവിസ്താരം ആരംഭിച്ചത്. പാരിപ്പള്ളി ആർ.രവീന്ദ്രനായിരുന്നു സ്പെഷ്യൽ പ്രോസിക്യൂട്ടർ. അന്വേഷണ ഉദ്യോഗസ്ഥൻ, അജയപ്രസാദിനെ ചികിത്സിച്ച കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെയും തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലെയും ഡോക്ടർമാർ, ആക്രമണമുണ്ടായപ്പോൾ സ്ഥലത്തുണ്ടായിരുന്ന നാലുപേർ എന്നിവർ ഉൾപ്പെടെ 24 സാക്ഷികൾ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി.

അജയപ്രസാദിനെ ആക്രമിക്കാൻ ഉപയോഗിച്ച ഇരുമ്പുദണ്ഡുകൾ, സ്‌ക്രൂഡ്രൈവർ, കഴുത്തിൽ ചുറ്റിയ കാവി തോർത്തുമുണ്ട്, പ്രതികൾ വന്ന രണ്ട് ബൈക്കുകൾ എന്നിവ ഉൾപ്പെടെ ഒൻപത്‌ തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. അന്വേഷണസംഘത്തിലുണ്ടായിരുന്ന ശാസ്താംകോട്ട മുൻ സി.ഐ. പ്രസന്നകുമാർ, കരുനാഗപ്പള്ളി മുൻ സി.ഐ. അനിൽദാസ്, ഓച്ചിറ എസ്.ഐ. ആയിരുന്ന ബിജു എന്നിവരെയും കോടതി വിസ്തരിച്ചു. 2012 ജനുവരി 30-നായിരുന്നു സെഷൻസ് കോടതിയുടെ വിധി.