കൊല്ലം :കാൽമുട്ടിനരികിൽ പ്രതിരോധമരുന്ന് കുത്തിവെച്ചതുകാരണം ഒന്നരവയസ്സുകാരൻ ദുരിതത്തിലായതായി പരാതി. മുഖത്തല കിഴവൂർ മിൻഹാജ് മൻസിലിൽ െഷഫീഖിന്റെ മകൻ മുഹമ്മദ് ഹംദാനാണ് ഈ ദുരനുഭവം.

കുഞ്ഞിനെ സ്വകാര്യ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി.

സംഭവത്തെക്കുറിച്ച്‌ രക്ഷിതാക്കൾ പറയുന്നതിങ്ങനെ: തൃക്കോവിൽവട്ടം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വാക്സിൻ എടുക്കാനായി സെപ്റ്റംബർ ഒന്നിനാണ് പോയത്. അവിടത്തെ ഒരു ജീവനക്കാരി കുഞ്ഞിന്‌ വാക്സിൻ കുത്തിവെച്ചു. വീട്ടിൽ വന്ന സമയംമുതൽ കുഞ്ഞിന് കാലിന്‌ അസഹ്യമായ വേദന അനുഭവപ്പെട്ടു. കുഞ്ഞിനെ കുത്തിവെക്കുമ്പോൾത്തന്നെ വാക്സിൻ തുടയിലല്ലേ എടുക്കേണ്ടതെന്ന് ചോദിച്ചിരുന്നു. മുട്ടിലാണ് കുത്തിവെച്ചത്. അർദ്ധരാത്രിമുതൽ കുഞ്ഞ് അപകടവസ്ഥയിലായി.

എഴുന്നേറ്റുനിൽക്കാൻപോലുമാകാത്ത അവസ്ഥയിലേക്ക് മാറിയപ്പോൾ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വിവരമറിയിച്ചു. ചികിത്സ ലഭിക്കാത്തതിനാൽ സ്വകാര്യ ആശുപത്രിയെ അഭയം പ്രാപിച്ചു. കാൽമുട്ടിൽ വാക്സിൻ കുത്തിവെച്ചതിൽ വന്ന അപാകംകൊണ്ടാണിത് സംഭവിച്ചതെന്നാണ് അവിടത്തെ ഡോക്ടർമാർ പറയുന്നത്.

കുത്തിവെച്ച മരുന്ന് കാൽമുട്ടിൽ കെട്ടിക്കിടക്കുകയും അത് തിരികെ ഇഞ്ചക്‌ഷൻ ചെയ്ത്‌ എടുക്കണമെന്നും അവർ നിർദേശിച്ചു. നിയമപരമായി പൊയ്ക്കൊള്ളാനാണ് പ്രാഥമികാരോഗ്യകേന്ദ്രം അധികൃതർ പറഞ്ഞതെന്നും പരാതിയിൽ പറയുന്നു.

അന്വേഷണംആരംഭിച്ചു

സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ടെന്ന് തൃക്കോവിൽവട്ടം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. നിസ പറഞ്ഞു. ഡി.എം.ഒ. ഓഫീസിൽനിന്നും കളക്ടറുടെ ഓഫീസിൽനിന്നും ഇതുസംബന്ധിച്ച്‌ വിശദീകരണം ചോദിച്ചിരുന്നു. റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസർ പ്രസന്നകുമാരിയും പറഞ്ഞു.