കരുനാഗപ്പള്ളി : ശബരിമലയെ കലാപഭൂമിയാക്കി മാറ്റി രാഷ്ട്രീയനേട്ടം കൊയ്യാൻ ചിലർ നടത്തുന്ന ശ്രമങ്ങൾ ഉപേക്ഷിക്കണമെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പാവുമ്പ വടക്ക് 3280-ാം നമ്പർ ശാഖയിൽ നിർമിച്ച ഗുരുക്ഷേത്രത്തിന്റെ സമർപ്പണവും ശാഖാമന്ദിരത്തിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

യഥാർഥ അയ്യപ്പഭക്തൻമാർക്ക് അയ്യപ്പനെ കാണാനും പ്രാർഥിക്കാനുമുള്ള അവസരമൊരുക്കണം. അതിനുപകരം ഓരോ രാഷ്ട്രീയ പാർട്ടിയും അവരുടെതായ രാഷ്ട്രീയ കലാപരിപാടികൾ നടത്തുമ്പോൾ നഷ്ടം ഭക്തർക്കാണ്. ഭക്തരായ അയ്യപ്പന്മാർ അവിടെ നട്ടംതിരിയുന്നു. ശബരിമലയിലെ വരുമാനത്തെയും ബാധിക്കുന്നു. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കാതെ ഭക്തർക്ക് അവിടെ പോകാനും പ്രാർഥിക്കാനുമുള്ള ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് വേണ്ടത്. എസ്.എൻ.ഡി.പി. യോഗം ഭക്തർക്കൊപ്പമാണ്. ശബരിമല അയ്യപ്പന്റെ ദയാകടാക്ഷംകൊണ്ടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള മിക്ക ക്ഷേത്രങ്ങളിലും അന്തിത്തിരി കത്തുന്നത്.

ശബരിമലയിലെ വരുമാനത്തിൽ കുറവുസംഭവിച്ചാൽ അത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പരിധിയിലുള്ള അയിരത്തോളം ക്ഷേത്രങ്ങളെ ബാധിക്കും. കേരളത്തിൽ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികം ആഘോഷിക്കുമ്പോഴും ഈഴവരാദി പിന്നാക്കവിഭാഗങ്ങൾക്ക് ക്ഷേത്രഭരണത്തിൽ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. യഥാർഥ ക്ഷേത്രപ്രവേശനവിളംബരം ഇന്നും വളരെ അകലെയാണ്. ദേവസ്വം ബോർഡുകളിലെ നിയമനക്കാര്യത്തിൽപ്പോലും അർഹമായ പരിഗണന ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ശാഖാപ്രസിഡന്റ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, സെക്രട്ടറി എ.സോമരാജൻ, യോഗം ബോർഡ് അംഗം കെ.പി.രാജൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ശാഖാസെക്രട്ടറി പി.തുളസി, വൈസ് പ്രസിഡന്റ് ആർ.രാജു, കമ്മിറ്റി അംഗങ്ങളായ ബാബു, ശശിധരൻ, രാമദാസ്, ചന്ദ്രൻ, ചിത്തരഞ്ജൻ, രാധാകൃഷ്ണൻ, അനിൽകുമാർ, രാഘവൻ എന്നിവർ സംസാരിച്ചു.