ചാത്തന്നൂർ : എൻ.എസ്.എസ്. ചാത്തന്നൂർ താലൂക്ക് യൂണിയനിൽ സംയോജിത മുട്ടഗ്രാമം പദ്ധതിക്ക് തുടക്കമായി. യൂണിയനിലെ താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ധനശ്രീ വനിതാ സ്വയംസഹായ സംഘങ്ങളിലെ ജോയിന്റ് ലയബിലിറ്റി സംരംഭകത്വ ഗ്രൂപ്പുകൾക്ക് പദ്ധതി പ്രകാരം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 11 സംരംഭകത്വ ഗ്രൂപ്പുകളിലെ 52 അംഗങ്ങൾക്ക് ഓരോരുത്തർക്കും ഒരു ഹൈടെക് ബാറ്ററി സിസ്റ്റം കോഴിക്കൂടും ബി.വി.-380 സങ്കരയിനം 25 കോഴിക്കുഞ്ഞുങ്ങളെയുമാണ് നൽകിയത്.

നായർ സർവീസ് സൊസൈറ്റി അടിമാലി ഗ്രാമനിർമാൺ സഭയുടെയും കല്ലമ്പലം ധനലക്ഷ്മി ബാങ്കിന്റെയും സഹകരണത്തോടെ 15,000 രൂപയാണ് ഒരു അംഗത്തിന് ലോണായി നൽകിയത്. താലൂക്ക് യൂണിയൻ ആക്ടിങ് പ്രസിഡന്റ്‌ ചാത്തന്നൂർ മുരളി കോഴിക്കുഞ്ഞുങ്ങളെ വിതരണംചെയ്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

യൂണിയൻ സെക്രട്ടറി ടി.അരവിന്ദാക്ഷൻ പിള്ള, ഭരണസമിതി അംഗങ്ങളായ ബി.ഐ.ശ്രീനാഗേഷ്‌, ജെ.അംബികാദാസൻ പിള്ള, ഡോ. ജെ.ലത്തൻകുമാർ, ചാത്തന്നൂർ ഭൂതനാഥക്ഷേത്രം പ്രസിഡന്റ്‌ വിജയമോഹൻ എന്നിവർ പങ്കെടുത്തു.