പുനലൂർ : പട്ടണത്തിലെ കെ.എസ്.ആർ.ടി.സി., ടി.ബി. ജങ്ഷനുകളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ നാളുകളായി തകരാറിൽ. അറ്റകുറ്റപ്പണി ആരംഭിച്ചെങ്കിലും സമയബന്ധിതമായി പൂർത്തിയാക്കുന്നില്ല. മണ്ഡലകാലം തുടങ്ങാൻ മൂന്നുദിവസംമാത്രം ശേഷിക്കുമ്പോഴും പുനലൂർ പട്ടണം ഇരുട്ടിൽത്തന്നെ.
വിവിധ ജനപ്രതിനിധികളുടെ ഫണ്ട് ഉപയോഗിച്ച് പത്തുവർഷം മുൻപ് പുനലൂർ നഗരസഭ സ്ഥാപിച്ച ലൈറ്റുകളാണിവ. എട്ടു ലൈറ്റുകൾ ഉൾക്കൊള്ളുന്ന ഈ പ്രകാശവിന്യാസ സംവിധാനം ഇടയ്ക്കിടെ തകരാറിലാകാറുണ്ട്. മാസങ്ങൾക്കുശേഷമാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുക. എട്ടു ലൈറ്റുകളും പൂർണമായും തെളിയാറുമില്ല.
സ്ഥലത്തെ കടകൾ അടയ്ക്കുന്നതോടെ ഇവിടം ഇരുട്ടിലാകുകയാണ് പതിവ്. മലയാളികൾക്കുപുറമേ തമിഴ്നാട്ടിൽനിന്നും ആന്ധാപ്രദേശിൽനിന്നും ആയിരക്കണക്കിന് തീർഥാടകരാണ് മണ്ഡലകാലത്ത് ടി.ബി.ജങ്ഷനിൽ തമ്പടിക്കാറുള്ളത്. രാത്രിയിലാണ് ഇവരിൽ ഭൂരിഭാഗവും എത്തുന്നത്. ലൈറ്റുകൾ തെളിച്ചില്ലെങ്കിൽ തീർഥാടകർക്കും വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ടാകും മണ്ഡലകാലം സമ്മാനിക്കുക.
bbഅറ്റകുറ്റപ്പണി ഉടൻ തീർക്കും
bbപട്ടണത്തിലെ ഹൈമാസ്റ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണി എത്രയും വേഗം പൂർത്തിയാക്കും. ലൈറ്റുകൾ സ്ഥാപിച്ച കമ്പനിയിൽനിന്നുള്ള ജീവനക്കാർ എത്തി അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ട്. മണ്ഡലകാലത്ത് തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാവില്ല.
കെ.രാജശേഖരൻ
നഗരസഭ ചെയർമാൻ