കൊട്ടിയം : മുഖത്തല ഡീസന്റ്മുക്കിലും ഇരവിപുരം തെക്കുംഭാഗത്തും വീടിന്റെ മുൻവാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ സ്വർണവും പണവും കവർന്നു. മുഖത്തല ഡീസന്റ്മുക്ക് സി.അച്യുതമേനോൻ സഹകരണ ആശുപത്രിക്കുസമീപം സുനൈഫ് മൻസിലിൽ സുമി ഷാജഹാന്റെ വീട്ടിൽനിന്ന്‌ എട്ടുപവൻ സ്വർണാഭരണങ്ങളും പതിനായിരത്തോളം രൂപയും വാഹനത്തിന്റെ ആർ.സി. ബുക്കും മോഷ്ടാക്കൾ കവർന്നു.

നബിദിനപ്രാർഥനകളിൽ പങ്കെടുക്കുന്നതിന് വീട്ടുകാർ കായംകുളത്ത് പോയ സമയത്തായിരുന്നു മോഷണം. ശനിയാഴ്ച വീടുപൂട്ടിപ്പോയ വീട്ടുകാർ തിങ്കളാഴ്ച രാവിലെ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ മുൻവാതിലിന്റെ താഴ് അറത്തുമാറ്റിയാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. വീടിനകം മുഴുവൻ പരിശോധിച്ചനിലയിലാണ്. അലമാരകളും മേശകളുമെല്ലാം കുത്തിത്തുറന്നനിലയിലാണ്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും സ്കൂട്ടറിന്റെ ആർ.സി. ബുക്കുമാണ് മോഷ്ടിച്ചത്. കൊട്ടിയം പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

ഇരവിപുരം തെക്കുംഭാഗം കോൺവെന്റ് നഗർ-71, ഹാരിസന്റെ വീട്ടിൽ ഞായറാഴ്ച രാത്രിയിലായിരുന്നു മോഷണം. പതിനയ്യായിരം രൂപയും മുക്കാൽപ്പവൻ സ്വർണവുമാണ് കവർന്നത്. ഗൃഹനാഥൻ ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലാണ്. മകൾ തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീട്ടിനുള്ളിൽ സാധനങ്ങളെല്ലാം വാരിവലിച്ചിട്ടനിലയിലാണ്. ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

 Content Highlights: Gold Theft, Theft in Mukhathala and Eravipuram, Money Theft