കുളത്തൂപ്പുഴ : വനംവകുപ്പ് പൊതുമേഖലാസ്ഥാപനങ്ങൾക്ക് പാട്ടത്തിനു നൽകിയ ഭൂമിയുടെ പാട്ടക്കാലാവധി കഴിഞ്ഞതിനെത്തുടർന്ന് വ്യവസ്ഥകൾ പുതുക്കുന്നതിനായി നടത്തിയ സർവേ വിവാദമായതോടെ നിർത്തിവെക്കാൻ മന്ത്രി കെ.രാജു ഉത്തരവിട്ടു. വനംമന്ത്രിക്ക്‌ നാട്ടുകാർ നൽകിയ നിവേദനത്തെത്തുടർന്നാണ് തീരുമാനം.

പൊതുമേഖലാസ്ഥാപനമായ ഒായിൽപാം എണ്ണപ്പനത്തോട്ടം, ആർപി.എൽ.എസ്റ്റേറ്റ് തുടങ്ങിയ സ്ഥപനങ്ങളുടെ കൈവശഭൂമി അളന്ന് ജണ്ട സ്ഥാപിക്കാൻ വനംവകുപ്പ് നടത്തിയ നീക്കം വിവാദമാവുകയും നാട്ടുകാർ സംഘടിച്ച് സർവേ വിഭാഗത്തെ തടഞ്ഞത്‌ സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.

നാട്ടുകാരുടെ പട്ടയഭൂമി പിടിച്ചെടുക്കാനുള്ള വനംവകുപ്പിന്റെ നീക്കമാണ് പ്രതിഷേധത്തിനിടയാക്കിയത്. നൂറുവർഷംമുൻപ്‌ പാട്ടത്തിനു നൽകിയ ഭൂമി അളവിൽ കുറവുണ്ടോയെന്ന് പരിശോധിക്കാനാണ്‌ സർവേ ആരംഭിച്ചത്.

അന്നത്തെ കൈയേറ്റങ്ങൾ പലതും ഇന്ന് പട്ടയഭൂമിയായി നാട്ടുകാരുടെ കൈവശത്തിലാെണന്നാണ് വനപാലകർ പറയുന്നത്. ഇത് തിരിച്ചെടുത്താൽമാത്രമേ പാട്ടം പുതുക്കാനാവൂ. ഇതാണ് വിവാദമായത്.

തുടർന്ന്‌ ജനപ്രതിനിധികളുമായി നാട്ടുകാർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ്‌ പഞ്ചായത്ത് വൈസ്‌ പ്രസിഡൻറ് സാബു എബ്രഹാം സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ പി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നാട്ടുകാർ മന്ത്രിയെ കണ്ടത്.

നാട്ടുകാരുടെ ഭൂമി പിടിച്ചെടുക്കുന്നതല്ല സർക്കാർ നയമെന്നും പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിച്ച് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ സർവേ നടപടികളും നിർത്തിവെക്കാനുമാണ് ഉത്തരവ്‌.

content highlights; forest department order to stop survey