ശാസ്താംകോട്ട: ക്ലോസെറ്റില്‍ കാല്‍ കുടുങ്ങിയ ഏഴുവയസ്സുകാരിക്ക് തുണയായി അഗ്‌നിരക്ഷാസേന. വടക്കന്‍ മൈനാഗപ്പള്ളി അഭിനിവാസില്‍ രഘുവിന്റെ മകള്‍ ആവണിയുടെ കാലാണ് ക്ലോസെറ്റില്‍ അകപ്പെട്ടത്.

രാവിലെ പത്തരയോടെ വീട്ടിലെ ശൗചാലയത്തില്‍ കയറുന്നതിനിടയില്‍ തെന്നി വലതു പാദത്തിന്റെ മുകള്‍ഭാഗംവരെ തറനിരപ്പിലുള്ള ക്ലോസെറ്റില്‍ അകപ്പെടുകയായിരുന്നു. കാല്‍ പുറത്തെടുക്കാന്‍ കുട്ടി ശ്രമിച്ചെങ്കിലും നടന്നില്ല. നിലവിളികേട്ടെത്തിയ രക്ഷിതാക്കള്‍ ശാസ്താംകോട്ട അഗ്‌നിരക്ഷാസേനയെ അറിയിച്ചു. 

സ്റ്റേഷന്‍ ഓഫീസര്‍ സാബുലാലിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവില്‍ ആവണിയെ ക്ലോസെറ്റോടുകൂടി പുറത്തെത്തിച്ചു. യന്ത്രസഹായത്തോടെ ക്ലോസെറ്റ് പൊട്ടിച്ചാണ് കാല്‍ പുറത്തെടുത്തത്. തുടര്‍ന്ന് അഗ്‌നിരക്ഷാസേന അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പ്രഥമശുശ്രൂഷയ്ക്കുശേഷം തിരികെ വീട്ടിലാക്കി.

Content Highlights: Fire Force help seven-year-old girl trapped in closet